ഇതാണ് ചങ്ങനാശ്ശേരിയിലെ ആദ്യത്തെ പെട്രോൾ പമ്പ്. 90 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ 1930 ലാണ് ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ പെട്രോൾ സ്റ്റേഷൻ എന്നു പറയപ്പെടുന്ന ചങ്ങനാശ്ശേരിയിലെ എസ് വി പൈ പ്രവർത്തനം തുടങ്ങുന്നത്. യഥാർത്ഥത്തിൽ 1901 ലാണ് കായംകുളത്തെ ഏഷ്യാറ്റിക് പെട്രോളിയം ഡീലർ ആയി എസ് വി പൈ ബിസിനസ് തുടങ്ങുന്നത്. അന്നത്തെ കാലത്ത് മണ്ണെണ്ണ ആയിരുന്നു പ്രധാന വ്യാപാരം, അങ്ങനെ കുട്ടനാട്ടിലെ കൃഷി ആവശ്യങ്ങൾക്ക് വേണ്ടി പമ്പ് സെറ്റുകൾക്കായി ക്രൂഡും മണ്ണെണ്ണയും വിതരണം ആരംഭിച്ചു. അതിനോടൊപ്പം 1930 ബർമ ഓയിൽ കമ്പനിയുടെ ക്രൂഡ് ഓയിലും മണ്ണെണ്ണയും പെട്രോളും ഡീസലും എറണാകുളത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് വീപ്പയിൽ വലിയ വള്ളത്തിൽ കൊണ്ടുവരാൻ തുടങ്ങി, ചങ്ങനാശ്ശേരി മുതൽ കുമളി വരെയായിരുന്നു ആദ്യകാല സപ്ലൈ, മലയോര പ്രദേശങ്ങളിലേക്ക് കാള വണ്ടിയിലായിരുന്നു വിതരണം നടത്തിയിരുന്നത്. ചങ്ങനാശേരി ബോട്ട് ജെട്ടിയിലായിരുന്നു ആദ്യ കട.
അങ്ങനെ 1930 ൽ പഴയ ന്യൂ തിയേറ്ററിന്റെ മുൻവശത്ത് ആയിരുന്നു ആദ്യകാല പെട്രോൾ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്, പിന്നീട് 1968 ലാണ് ഇപ്പോൾ കാണുന്ന സ്ഥലത്തേക്ക് മാറുന്നത്. മണ്ണെണ്ണ വ്യാപാരവും പെട്രോൾ വ്യാപാരവും ഒന്നിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ട് നേരിട്ടു, പിന്നീട് ബോട്ടുജെട്ടിലെ കടയിൽ വലിയ തൊഴിൽ തർക്കങ്ങൾ ഉണ്ടായി, ആ സമയത്ത് മണ്ണെണ്ണ പൈ എന്ന ചുരുക്കപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം മണ്ണെണ്ണയുടെ ബിസിനസ് വേണ്ടെന്നുവച്ചു. അങ്ങനെ പെട്രോൾ ഡീസൽ ഓയിൽ വിതരണ രംഗത്തേക്ക് മാത്രം ശ്രദ്ധ പതിപ്പിച്ചു. സംശുദ്ധമായ ഇന്ധനം നൽകി, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പെട്രോൾ സ്റ്റേഷനായി എസ് വി പൈയുടെ സ്ഥാപനം തിരഞ്ഞെടുക്കപ്പെട്ടു. പൈയുടെ പമ്പിൽ നിന്ന് പെട്രോൾ അടിച്ചാൽ രണ്ട് കിലോമീറ്റർ കൂടുതൽ മൈലേജ് കിട്ടും എന്ന ഒരു ചൊല്ലുതന്നെ ഉണ്ടായി. ഇന്നും കലർപ്പിന്റെ പേരുദോഷം വരുത്താതെ പുതിയ തലമുറയിലെ മോഹൻദാസ് സുരേഷ് പൈയും, അമ്മ സീമന്തിനിയും അദ്ദേഹത്തിന്റെ സഹധർമ്മിണി ആഷാ സുരേഷും ഈ ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നു. അന്നുമുതൽ ഇന്നുവരെ മാറി പോകാത്ത പല ഇടപാടുകാരും ഇവർക്കുണ്ട് അതിൽ പ്രധാനികളാണ് ചങ്ങനാശ്ശേരി അരമനയും എൻ എസ് എസും മൊക്കെ, ഹൃദയം തുളുമ്പുന്ന അഭിമാനത്തോടെ എസ് വി പൈ എന്ന സ്ഥാപനം പഴയ തിളക്കത്തോടെ ഈ തൊണ്ണൂറാം വയസ്സിലും ചങ്ങനാശ്ശേരിയുടെ അഭിമാനമായി നിലകൊള്ളുന്നു.