കാൽപന്തിൽ വസന്തം തീർക്കുന്ന അറേബ്യൻ പെരുമ

കടപ്പാട്: ഷാഹുൽ ബേപ്പൂർ

0
18

2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിന് അവസരം ലഭിച്ചപ്പോൾ അതിനോട് മുഖം ചുളിച്ചവരോട് സംഘാടന മികവ് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച് മികച്ച രീതിയിൽ ലോകകപ്പ് നടത്തി ഫുട്ബോൾ ചരിത്രത്തിൽ ഇടംനേടി കൊണ്ടാണ് ഖത്തർ മറുപടി നൽകിയത്. 2034-ലെ ലോകകപ്പിന് വേദിയാകാൻ സൗദിക്ക് കൂടി അവസരം ലഭിക്കുമ്പോൾ കാൽപന്തിനോടുള്ള അറേബ്യൻ ആവേശത്തിന്റെ മറ്റൊരു മകുടോദാഹരണമായി നമുക്ക് അതിനെ കാണാം, ലോകകപ്പിന് സൗദിയെ പരിഗണിക്കാൻ ഖത്തർ ലോകകപ്പിന്റെ മിന്നും ജയം കൂടി ഫിഫക്ക് ഒരു കാരണമായിരുന്നു.

കുവൈത്തിൽ നടക്കുന്ന ഇരുപത്തിആറാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങും അറബികളുടെ ഫുട്ബാളിനോടുള്ള അധിനിവേശത്തിന്റെ മറ്റൊരു ഉദാഹരണമാണ്. അറബ് സംസ്കാരവും പാരമ്പര്യരീതികളും ലോകത്തിനു മുന്നിൽ അവതരിപ്പിച്ചാണ് ഒരു മണിക്കൂർ നീണ്ടു നിന്ന ഉദ്ഘാടന ചടങ്ങ് പ്രൌഡമാക്കിയത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബർ അൽ സബാഹ് “ഖലീജിസൈൻ 26” ഗൾഫ് കപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുമ്പോൾ നിറഞ്ഞ ഹർഷാരവത്തോട് കൂടിയാണ് ഫുട്ബോൾ പ്രേമികൾ അതേറ്റെടുത്തത്. ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫന്റിനോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ മുഖ്യാതിഥികൾ ആയി വേദിയിൽ ഉണ്ടായിരുന്നു.

കുവൈത്തിൽ അനുഭവപെട്ട അതീവ തണുപ്പിനെ പോലും അവഗണിച്ചു കൊണ്ട് അറബ് കപ്പ് ഉദ്ഘാടന ചടങ്ങും കുവൈത്ത് ഒമാൻ മത്സരവും വീക്ഷിക്കാൻ അർദിയ ജാബർ അൽ അഹ്‌മദ്‌ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ എത്തിയത് നാല്പത്തിരണ്ടായിരത്തോളം ആളുകൾ ആണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടവിനോദമായി കാണുന്ന ഫുട്ബോൾ മാമാങ്കങ്ങൾക്ക് അറേബ്യൻ രാജ്യങ്ങൾ വേദി ആകുമ്പോൾ അവിടെ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യയിൽ നിന്നുള്ള കാൽപന്ത് സ്നേഹികൾക്കും അവരോടൊപ്പം പങ്കുചേരാൻ സാധിക്കുന്നു എന്നത് നമുക്കൊരു നേട്ടമായി കാണാം. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായത് ഖത്തറിൽ ആണ്. സൗദി അറേബ്യ കൂടി ലോകകപ്പിന് വേദിയാകുന്നതോടെ ഫുട്ബോൾ ആവേശം അതിന്റെ എല്ലാ സൗരഭ്യങ്ങളോടെ നമുക്ക് ആസ്വദിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.