എം ടിയുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

0
22

കുവൈത്ത് സിറ്റി: മലയാള സാഹിത്യത്തെ ഉന്നതിയിലേക്കുയർത്തിയ എം ടിയുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിഹരിച്ച പ്രതിഭയെ ആണ് എം ടി യുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അധ്യാപകൻ, പത്രാധിപർ, സിനിമാ സംവിധായകൻ എന്നീ നിലയിലും തൻ്റേതായ മുദ്ര പതിപ്പിച്ച സഹിത്യകാരനായിരുന്നു എംടി. പ്രവാസ ജീവിതത്തിന്റെ എല്ലാ നൊമ്പരങ്ങളുമടങ്ങിയ ആദ്യത്തെ പ്രവാസ മലയാള സിനിമ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ തിരശ്ശീലയിലെത്തിച്ചത് എം.ടിയാണ്.  ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കള്ളലോഞ്ചിൽ ഗൾഫിലേക്ക് കടൽകടക്കുന്ന എഴുപതുകളിലെ മലയാളി യുവാക്കളുടെ കഥയായിരുന്നു അത്.തനിക്കായി ദിവസങ്ങൾക്കു മുൻപേ തയ്യാറാക്കപ്പെട്ട നൂറുകണക്കിന് വരുന്ന അനുസ്‌മരണലേഖനങ്ങളിൽ മിക്കതിനെയും പ്രയോജനരഹിതമാക്കിക്കൊണ്ട് പത്രം അച്ചടിക്കാത്ത ഒരു ദിവസത്തിൻ്റെ തലേന്നുകൂടിയാണ് എം ടി വിടവാങ്ങുന്നത്. സാഹിത്യ സാംസ്കാരിക കേരളത്തിലെ പുതിയ തലമുറക്കും നിരവധിയായ സംഭാവനകൾ നൽകിയാണ് എംടി കാലാതീതമായി മാറിയിരിക്കുന്നത് എന്ന് കേരള അസോസിയേഷൻ ഓർമപ്പെടുത്തി.