കുവൈത്ത് സിറ്റി: പ്രവാസി ഡോക്ടർക്കെതിരെ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ച് അനധികൃതമായി തടങ്കലിൽ വച്ചതുമായി ബന്ധപ്പെട്ട കേസിൽ കുവൈത്ത് കോടതി മൂന്ന് പേർക്ക് 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, വ്യാജ അറസ്റ്റ് റിപ്പോർട്ട്, മയക്കുമരുന്ന് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രിമിനൽ കോടതി മൂന്നുപേരെയും ശിക്ഷിച്ചതെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് പോലീസുകാരും ഒരു പ്രവാസിയുമാണ് പ്രതികൾ. മറ്റ് മൂന്ന് പേരെ കോടതി വെറുതെ വിട്ടു. കഴിഞ്ഞ നവംബറിൽ, മെഡിക്കൽ പ്രൊഫഷണലിനെതിരെ മയക്കുമരുന്ന് കൈവശം വെച്ച കേസ് കെട്ടിച്ചമച്ചുവെന്നാരോപിച്ച് രണ്ട് കുവൈറ്റികളും നാല് വിദേശികളും ഉൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുക്കാൻ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ അംഗങ്ങളായ രണ്ട് പ്രതികൾ ഇരയെ തടഞ്ഞുനിർത്തി, മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും വാഹനത്തിൽ നിക്ഷേപിക്കുകയും, മറ്റുള്ളവരുമായി ചേർന്ന് നാടുകടത്തുക എന്ന ലക്ഷ്യത്തോടെ ഇയാൾക്കെതിരെയുള്ള അറസ്റ്റ് റിപ്പോർട്ട് വ്യാജമാക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.