കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ദീകരിച്ച് 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിലെത്തുക. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 48 വർഷത്തിനു ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്നത്.
പുതുക്കിയ നിയമ പ്രകാരം നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ പിഴ 15 കുവൈത്ത് ദിനാർ ആയിരിക്കും. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് ഗുരുതരമായ അപകടത്തിനോ മരണത്തിനോ ഇടയാക്കിയാൽ 5000 കുവൈത്ത് ദിനാർ വരെ പിഴ ലഭിക്കും. പുതിയ നിയമ പ്രകാരം പ്രവാസികൾക്ക് അവരുടെ പേരിൽ ഒരു വാഹനം മാത്രമേ സ്വന്തമാക്കാൻ കഴിയൂ. ഓരോ നിയമലംഘനങ്ങൾക്കുമുള്ള ശിക്ഷയും പിഴകളും സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.