സാരഥി കുവൈറ്റ് ഗണിത ശാസ്ത്ര മേള ‘ഫ്യൂച്ചറോളജിയ 2025’ സംഘടിപ്പിച്ചു

0
45

കുവൈറ്റ്‌ സിറ്റി : സാരഥി കുവൈറ്റ് വർഷം തോറും നടത്തി വരുന്ന ഗണിത ശാസ്ത്ര മേള ഫ്യൂച്ചറോളജിയ 2025, സാൽമിയ ഇന്ത്യൻ എക്സലൻസ് സ്കൂളിൽ വെച്ചു സംഘടിപ്പിച്ചു. 31 ജനുവരി രാവിലെ 8 മണി മുതൽ ആരംഭിച്ച മേള സാരഥിയുടെ പതിനാറ് യൂണിറ്റിൽ നിന്നുള്ള ഇരുന്നൂറ്റി അൻപതിൽ പരം കുട്ടികളുടെയും അംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സയൻസ്, ഗണിതം, കമ്പ്യൂട്ടർ സയൻസ്, ക്രിയേറ്റീവ് കോർണർ, ഷോർട്ട് ഫിലിം എന്നീ മേഖലകളിൽ വിവിധ വിഭാഗങ്ങളിലായി പതിമൂന്ന് വ്യത്യസ്ത മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഡിജിറ്റൽ പെയിന്റിംഗ്, പവർ പോയിന്റ് പ്രസന്റേഷൻ, സയൻസ് ഗണിത വിഭാഗത്തിൽ വിവിധതരം ചാർട്ടുകൾ, സ്റ്റിൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ എന്നിവ മത്സരാർഥികളുടെ പ്രകടനം കൊണ്ട് മികച്ചു നിന്നു. രാവിലെ പത്ത് മണിയോട് കൂടി നടന്ന ഫ്യൂച്ചറോളജിയ 2025 ന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രശസ്ത ശാസ്ത്രജ്ഞൻ ജാഫറലി പരോൽ നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ഇന്നത്തെ ലോകത്തിൽ ശാസ്ത്രീയ ജിജ്ഞാസയുടെ പ്രാധാന്യം കുട്ടികളിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു.സാരഥി പ്രസിഡന്റ് കെ ആർ അജി അധ്യക്ഷ സ്ഥാനം വഹിച്ച ചടങ്ങിൽ ഫ്യൂച്ചറോളജിയ ജനറൽ കൺവീനർ മഞ്ജു സുരേഷ് സ്വാഗതം ആശംസിച്ചു. സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു .സാരഥി ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ സാരഥി സെന്റർ ഫോർ എക്സലൻസ് (SCFE), ഫ്യൂച്ചറോളജിയ വേദിയിൽ ടെക്നോളജിയുടെ ഭാവിയെ രൂപപ്പെടുത്തുന്ന ആധുനിക വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും എസ് സി എഫ് ഇ യുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ കോഴ്സുകളെകുറിച്ച് വിശദീകരിക്കുകയും ചെയ്തു.വൈകുന്നരം നടത്തിയ സമാപനച്ചടങ്ങിന്റെ ഭാഗമായി പ്രമുഖ ശാസ്ത്രജ്ഞനായ ജാഫറലി പരോൽ AI സാങ്കേതിക വിദ്യയും അത് നമ്മുടെ ദൈനം ദിന ജീവിതത്തിൽ മാറ്റി മറിക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റിയും വിശദീകരിച്ചു. ഫ്യൂച്ചറോളജിയ ഇവന്റ് സ്പോൺസർ ആയ ഗോ സ്കോർ അംഗങ്ങൾ കുട്ടികൾക്കായി വിവിധ ശാസ്ത്ര മോഡലുകൾ അവതരിപ്പിച്ചു. മത്സര വിജയികളെ ട്രോഫികൾ നൽകി ആദരിച്ചു . സാരഥി ഹസ്സാവിയ സൗത്ത് യൂണിറ്റ് ഫ്യൂച്ചറോളജിയ 2025 ന്റെ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി. സാരഥി സാൽമിയ യൂണിറ്റ് രണ്ടാം സ്ഥാനവും ഹവല്ലി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. ഫ്യൂച്ചറോളജിയ 2025 വൻവിജയമാക്കി തീർക്കാൻ പ്രയത്നിച്ച ഓരോരുത്തരോടും അൽമീർ ടെക്നിക്കൽ സർവീസസ് , പിസ്സ ഹൗസ് , സ്‌കൈസ്‌ ആൻഡ് വേവ്സ് ട്രാവൽസ് ഉൾപ്പെടെയുള്ള സ്പോൺസർമാർക്കും മേളയിൽ പങ്കെടുത്ത ഏവർക്കും ജനറൽ കൺവീനർ മഞ്ജു സുരേഷ് നന്ദി അറിയിച്ചു.