കുവൈറ്റ് സാമൂഹികക്ഷേമ മന്ത്രി ഗദീർ അസീരി രാജി വച്ചു: പുതിയ മന്ത്രിസഭയിലെ ആദ്യ രാജി

0
14

കുവൈറ്റ്: തനിക്കെതിരായുള്ള അവിശ്വാസ പ്രമേയ നോട്ടീസ് പാർലമെന്റ് പരിഗണിക്കാനിരിക്കെ കുവൈറ്റ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ.ഗദീർ അസീരി രാജി വച്ചു. ഇവരുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചതായി സർക്കാർ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയോട് നീതി പുലർത്തിയില്ലെന്നും പാർലമെന്റുമായും വിവിധ വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടു എന്നും ആരോപിച്ച് ഗദീറിനെതിരെ കുറ്റവിചാരണയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് ഇവർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകപ്പെട്ടത്. ഇത് പരിഗണിക്കാനിരിക്കെയാണ് മന്ത്രി രാജി വച്ചത്.

ഷെയ്ഖ്സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അൽ സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിലാണ് പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയത്. ഈ സഭയിൽ നിന്നുള്ള ആദ്യ രാജിയാണിത്. ഗദീർ അസീരിയോട് പാര്‍ലമെന്റിലെ ഒരു വിഭാഗത്തിന് താത്പ്പര്യമില്ലെന്നും ഇവരെ പുറത്താക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് കുറ്റവിചാരണ നടന്നതെന്നുമുള്ള തരത്തിൽ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.