കോട്ടയം: വീട്ടുകാർക്ക് ഒരപകടം പറ്റിയെന്നും ഒരാൾ മരിച്ചു എന്നും അറിയിച്ചാണ് കുവൈറ്റിൽ നിന്ന് പ്രവീണിനെ ബന്ധുക്കൾ നാട്ടിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ വീട്ടിലെത്തിയ പ്രവീൺ നെഞ്ച് തകർക്കുന്ന ആ വാർത്തയറിഞ്ഞു. ആ വീട്ടില്‍ ഇനി താൻ തനിച്ചാണെന്ന്. ഒപ്പം ഉണ്ടായിരുന്ന എല്ലാവരും പോയെന്ന്. മാതാപിതാക്കളും ഭാര്യയും മകനും നഷ്ടപ്പെട്ട വിവരം അറിഞ്ഞ പ്രവീണിനെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമുണ്ടായിരുന്നവരും തകർന്നു പോയ കാഴ്ചയാക്കാണ് കഴിഞ്ഞ ദിവസം കോട്ടയം ഉള്ളാട്ടിൽപടിയിലെ ആ വീട് സാക്ഷിയായത്.
ഇന്നലെ പുലർച്ചെ കുറവിലങ്ങാടിനടുത്ത് കാളികാവിലുണ്ടായ കാറപകടത്തിലാണ് കോട്ടയം തിരുവാതുക്കൽ ഉള്ളാട്ടിൽ വീട്ടിലെ പ്രവീണിന്റെ ഉറ്റവരെല്ലാം മരിച്ചത്. അച്ഛനമ്മമാരായ കെ.കെ.തമ്പി (68), വൽസല (65), ഭാര്യ പ്രഭ (40), മകൻ അർജുൻ (അമ്പാടി-19), പ്രവീണിന്റെ ഭാര്യയുടെ അമ്മ തിരുവാതുക്കൽ ആലുന്തറ ഉഷ (60) എന്നിവരാണ് മരിച്ചത്. ചാലക്കുടിയിൽ ബന്ധുവീട് സന്ദർശിച്ച് വരുന്ന വഴി ഇവര്‍ സഞ്ചരിച്ച കാർ തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കുവൈറ്റിൽ കാർ ഷോറൂം ജീവനക്കാരനാണ് പ്രവീൺ. ഭാര്യയും മകനും ഒപ്പം തന്നെയായിരുന്നു. മകന്റെ പഠനാവശ്യങ്ങൾക്കായി ഈ അടുത്ത കാലത്താണ് നഴ്സായ പ്രഭ മകനുമൊത്ത് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ലോട്ടറി വ്യാപാരിയാണ് പ്രവീണിന്റെ അച്ഛൻ തമ്പി. കാർ ഓടിച്ചിരുന്ന അർജുൻ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്.