സയനൈഡ് രുചിച്ച മലയാളി

0
20

സയ്‌നെഡ് കണ്ടുപിടിച്ച നാൾ മുതൽക്കേ അതിന്റെ രുചി എന്താകുമെന്ന് മനുഷ്യൻ ആലോചിച്ചിട്ടുണ്ടാവാം. എന്നാൽ അതിനെ രുചിച്ച്‌ നോക്കാൻ ആരും തയ്യാറായിരുന്നില്ല. പക്ഷേ, 19 വർഷങ്ങൾക്ക് മുൻപ്, ഒരു മലയാളി സയ്‌നെഡ് രുചിച്ച്‌ നോക്കി അതിന്റെ രഹസ്യം ശാസ്ത്രലോകത്തിന് സമ്മാനിച്ചു.

എറണാകുളം സ്വദേശിയായ എം.പി. പ്രസാദ്, ഒരു സ്വർണപ്പണിക്കാരനാണ് ഈ അപൂർവ അനുഭവം രേഖപ്പെടുത്തിയത്. ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളിൽ മുങ്ങിയിരുന്ന പ്രസാദ്, 2006 ജൂൺ 17-ന് പാലക്കാടിലെ ഒരു ഹോട്ടൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. എന്നാൽ, പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ഒരു ചരിത്രരേഖയായി മാറി. പ്രസാദിന്റെ ആത്മഹത്യക്കുറിപ്പിൽ അദ്ദേഹം എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. “ഡോക്ടർമാരോട്: പൊട്ടാസ്യം സയ്‌നെഡ്, ഇതിന്റെ രുചി ഞാൻ അറിഞ്ഞു. വളരെ പതുക്കെ, ആരംഭത്തിൽ കുറച്ച് പുകച്ചതുപോലെയാണ്. നാക്കെല്ലാം എരിയും. ഹാർഡ് ആണ്. നല്ല ചവർപ്പാണ്.”

ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രലോകം സയ്‌നെഡിന്റെ രുചിയെ “അക്രിഡ് ടേസ്റ്റ് വിത്ത് ബേണിങ് സെൻസേഷൻ” എന്നാണ് വിശേഷിപ്പിച്ചത്. പ്രസാദ് ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനിച്ച ഒരാളായിരുന്നു. സ്വർണപ്പണി ജീവിതോപാധിയാക്കി, “ഗോൾഡൻ ജ്വല്ലറി വർക്ക്സ്” എന്ന കട തുടങ്ങുകയും ചെയ്തു. എന്നാൽ, രാജസ്ഥാനിൽ നിന്ന് വന്ന ചില തട്ടിപ്പുകാരുടെ കൈകളിൽ പതിയെ പണവും സ്വപ്നങ്ങളും നഷ്ടപ്പെട്ടു. വഞ്ചിക്കപ്പെട്ടതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യക്ക് തയാറായി. സ്വർണപ്പണിക്കാരനായതുകൊണ്ടുതന്നെ സയ്‌നെഡ് സ്വന്തമാക്കാൻ പ്രസാദിന് ബുദ്ധിമുട്ട് ഉണ്ടായില്ല. ആത്മഹത്യക്കുറിപ്പിന്റെ ആദ്യ പേജിൽ സാമ്പത്തിക പ്രശ്നങ്ങൾ, രണ്ടാമത്തെ പേജിൽ മാതാപിതാക്കൾക്കുള്ള വാക്കുകൾ, മൂന്നാമത്തെ പേജിൽ മജിസ്ട്രേറ്റിനുള്ള കുറിപ്പ് – അതിനെല്ലാം ശേഷം, അവസാന പേജിൽ സയ്‌നെഡ് ഉപയോഗിച്ച അനുഭവം അദ്ദേഹം വിശദീകരിച്ചു.

അവസാനമായി, പ്രസാദ് തന്റെ അബദ്ധം കുറിച്ചു:”ഞാൻ സയ്‌നെഡ് മദ്യത്തിൽ ഇട്ട് അലിയിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേന കൊണ്ട് ഞാൻ ഈ കത്ത് എഴുതി. എഴുത്തിനിടയിൽ പേനയുടെ അറ്റം നാക്കിൽ മുട്ടിച്ചു. അതിനുശേഷം ഭയങ്കരമായ എരിച്ചിലുണ്ടായി. അതിന്റെ രുചി എഴുതിയ ശേഷം, ഞാൻ…”

പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, ഡോ. പി.ബി. ഗുജറാൽ കണ്ടെത്തിയത്, പ്രസാദ് നേരിട്ട് സയ്‌നെഡ് കുടിച്ചിരുന്നില്ല; അവൻ ഉപയോഗിച്ച പേനയിലൂടെ ഒരു മുതൽ രണ്ട് മില്ലിഗ്രാം സയ്‌നെഡ് ആകയത്രേ ശരീരത്തിലേക്ക് കടന്നത്. അതിന്റെ ചൂടേറിയ ചവർപ്പാണ് അദ്ദേഹം രേഖപ്പെടുത്തിയത്.15 വർഷങ്ങൾക്ക് ശേഷം, പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ലോകശ്രദ്ധ നേടിയത് 2021-ലെ ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ബെഞ്ചമിൻ ലെബറ്ററ്റിന്റെ “When We Cease to Understand the World” എന്ന പുസ്തകത്തിലൂടെയാണ്.പ്രസാദ് ഇന്ന് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നത്, മരണത്തിനുമപ്പുറം ശാസ്ത്രലോകത്തിനൊരു സംഭാവന നൽകിയ വ്യക്തിയായിയാണ്