കുവൈറ്റ്: ചിലവില്ലാത്ത ആരോഗ്യത്തിന് ഹാനികരമല്ലാത്ത ലഘുഭക്ഷണമായ വെട്ടുകിളികൾ മിക്ക സ്വദേശികളുടെയും ഇഷ്ട ഭക്ഷണമായിരുന്നു. കാട്ടുചെടികളും ഔഷധ സസ്യങ്ങളും തിന്ന് ജീവിക്കുന്നവയായതിനാല്‍ ഇവയെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നായിരുന്നു വിശ്വാസം. അതുകൊണ്ട് തന്നെ വെട്ടുകിളികൾ കൂട്ടത്തോടെ എത്തുന്ന സീസണിനായി ഇവർ കാത്തിരിക്കാറുമുണ്ട്.
എന്നാൽ ഇത്തരം വെട്ടുകിളി പ്രേമികൾക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ഒരു യുവാവ്. വെട്ടുകളിയുടെ വയറ്റിൽ നിന്ന് ഒരു പുഴുവിനെ പുറത്തെടുക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ട് വെട്ടുകിളിയെ ഭക്ഷിക്കുന്നത് വിഷബാധയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് ഇയാൾ നൽകുന്നത്. വെട്ടുകിളി വിരകളെ കുറിച്ച് പുറത്തു വന്ന വീഡിയോ സത്യമാണെന്ന് ഗവേഷകനായ ഡോ ജിനാന്‍ അല്‍ ഹര്‍ബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം വിരകള്‍ നിരവധി ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വൈറസുകളുടെയും വാഹകരാണെന്ന് അദ്ദേഹവും മുന്നറിയിപ്പ് നല്‍കുന്നു.
ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.