ഉമർ അബ്ദുല്ലയുടെ തടവ്; കശ്മീർ ഭരണകൂടത്തിന് സുപ്രീം കോടതി നോട്ടീസ്

0
23

ന്യൂഡൽഹി: ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറൻസ് പാർട്ടി നേതാവുമായ ഉമർ അബ്ദുല്ലയെ തടങ്കലിൽ വച്ചിരിക്കുന്നതിൽ ജമ്മു കാശ്മീര്‍ ഭരണകൂടത്തോട് മറുപടി തേടി സുപ്രീം കോടതി. പൊതുസുരക്ഷാനിയമ പ്രകാരം ഉമറിനെ തടങ്കൽ വച്ചിരിക്കുന്നത് ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുല്ല കോടതിയെ സമീപിച്ചിരുന്നു. ഇവർ നൽകിയ ഹർജി പരിഗണിക്കവെയാണ് മറുപടി ആവശ്യപ്പെട്ട് കോടതി കശ്മീർ ഭരണകൂടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ടിനകം മറുപടി നൽകണമെന്നാണ് ഉത്തരവ്. അന്നു തന്നെ കേസ് വീണ്ടും പരിഗണിക്കും.

ഉമറിനെ എത്രയും വേഗം തടങ്കലിൽ നിന്ന് മോചിപ്പിച്ച് കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹര്‍ജിയാണ് സഹോദരി സമര്‍പ്പിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിള്‍ 370 ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് കേന്ദ്രം റദ്ദാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇതിന്റെ ഭാഗമായാണ് മുഖ്യധാര പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരെ വീട്ടു തടങ്കലിലാക്കിയത്.