കുവൈറ്റ്: രാജ്യത്ത് സ്വദേശികളും വിദേശികളുമായി 830 തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി കാരുണ്യപ്രകാരമാണ് സ്ത്രീകൾ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
എല്ലാവർഷവും ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി കാരുണ്യപ്രകാരം തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാറുണ്ട്. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല.
ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് ഇളവ് നൽകേണ്ട തടവുകാരുടെ പട്ടിക തയാറാക്കുന്നത്.