പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളല്ല: CAAക്കെതിരെ പ്രതിഷേധിക്കാന്‍ കോടതി അനുമതി

0
26
പ്രതീകാത്മ ചിത്രം

മുംബ‌ൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ അനുമതി നൽകി മുംബൈ ഹൈക്കോടതി. ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരനമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിഷേധത്തിന് അനുമതി നൽകിയത്.

മഹാരാഷ്ട്രയിൽ ബീഡിൽ CAAയ്ക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്താൻ തീരുമാനിച്ചവർക്ക് പൊലീസും മജിസ്ട്രേറ്റും അനുമതി നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഒരുസംഘം ഹൈക്കോടതിയെ സമീപിച്ചത്.

“ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു എന്നതുകൊണ്ടു മാത്രം ആരെയും രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്നാണ് ഈ കോടതി കരുതുന്നത്. ഇതൊരു പ്രതിഷേധ പ്രകടനം മാത്രമാണ്” എന്ന് നിരീക്ഷിച്ച കോടതി ഇവർക്ക് അനുമതി നിഷേധിച്ച പൊലീസിന്റെയും മജിസ്ട്രേറ്റിന്റെയും ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു.