കുവൈറ്റ്: ആറു പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ദുരന്തത്തിലേക്ക് നയിച്ചത് സുരക്ഷാ നടപടികളിലെ വീഴ്ചയെന്ന് സാങ്കേതിക വിദഗ്ധർ. കുവൈറ്റിലെ മുത്ലയില്‍ നിർമ്മാണത്തിലിരിക്കുന്ന റസിഡൻഷ്യയിൽ മേഖലയിൽ മണ്ണിടിഞ്ഞ് വീണ് ആറു തൊഴിലാളികള്‍ മരിച്ചിരുന്നു. ചൈനീസ് കമ്പനിക്ക് നിർമ്മാണച്ചുമതലയുള്ള പദ്ധതിയിൽ അഴുക്കുചാലിനായുള്ള മാൻഹോളും പൈപ്പും സ്ഥാപിക്കുന്നതിനുള്ള പണി പുരോഗമിക്കുന്നതിനിടെ മണ്ണും കരിങ്കൽ പാളികളും തൊഴിലാളികൾക്ക് മേൽ പതിക്കുകയായിരുന്നു. നേപ്പാൾ സ്വദേശികളായ ആറ് തൊഴിലാളികളാണ് മരിച്ചത്.
ഇവിടെ ജോലി ചെയ്യുന്ന എഞ്ചിനിയര്‍മാരിൽ ഭൂരിപക്ഷത്തിനും അക്രഡിറ്റേഷൻ ഇല്ലെന്നാണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഫൈസൽ അൽ അതീൽ വെളിപ്പെടുത്തിയിരിക്കുന്നത്. അക്രഡിറ്റേഷനുവേണ്ടി അവരാരും സൊസൈറ്റിയെ സമീപിച്ചിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഞ്ചിനിയര്‍മാർക്ക് അക്രഡിറ്റേഷൻ നിർബന്ധമാണെന്ന് സൊസൈറ്റി നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വിദേശകണ്‍സൾട്ടന്റുമാർക്ക് കീഴിൽ പലരും ഈ വ്യവസ്ഥ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഭാവിയിൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.