60 വയസിന് മുകളിലുള്ളവരുടെ വിസ പുതുക്കി നൽകില്ല: വാർത്തകൾ നിഷേധിച്ച് കുവൈറ്റ്

0
22

കുവൈറ്റ്: അറുപത് വയസിനു മുകളിലുള്ള പ്രവാസികളുടെ റസിഡൻസി വിസ പുതുക്കി നൽകില്ലെന്ന വാർത്തകൾ നിഷേധിച്ച് കുവൈറ്റ്. പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനും രാജ്യത്തെ ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിനുമായി അറുപത് വയസ് കഴിഞ്ഞവർക്ക് വിസ പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം മാൻപവർ അതോറിറ്റി എടുത്തതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ നിഷേധിച്ചാണ് മാൻപവർ അതോറിറ്റി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

അറുപത് വയസ് കഴിഞ്ഞവരുടെ വിസ പുതുക്കലിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണങ്ങളോ ഉത്തരവോ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മാൻപവർ അതോറിറ്റി വക്താവ് അസീൽ അൽ മെസ്യാദ് അറിയിച്ചത്. ‘ ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാൻ പവർ ഇതുവരെ ഔദ്യോഗികമായി ഒരു ഉത്തരവും ഇറക്കിയിട്ടില്ല.. എല്ലാ വിസ പുതുക്കലുകളും ട്രാന്‍സ്ഫറുകളും പഴയതുപോലെ തന്നെ നടന്നു വരുന്നുണ്ട്. എന്നാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല’.. എന്നായിരുന്നു പ്രതികരണം.

അറുപത് വയസു കഴിഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് വിസ പുതുക്കി നൽകില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ലീഗല്‍ കണ്‍സള്‍ട്ടന്റ്, സ്‍പെഷ്യലിസ്റ്റുകള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍, പ്രൈവറ്റ് കമ്പനി പാര്‍ട്ണര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള വിദഗ്ധര്‍ക്ക് രാജ്യത്ത് തുടരാം. തൊഴില്‍ വിപണിയിലുള്ള ഇവരുടെ സ്വാധീനം കണക്കിലെടുത്ത് ഇവര്‍ക്ക് ഇളവ് നല്‍കുമെന്നായിരുന്നു റിപ്പോർട്ട്. ഇത്തരം വാർത്തളാണ് മാൻപവർ അതോറിറ്റി തന്നെ ഇപ്പോൾ തള്ളിയിരിക്കുന്നത്.