കലാപഭൂമിയായി ഡൽഹി: മരണസംഖ്യ ഉയരുന്നു

0
26

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ മരണസംഖ്യ പത്തായി. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ മൂന്ന് ദിവസങ്ങളായി തുടരുന്ന സംഘർഷത്തിൽ‌ കലാപസമാനമാണ് ഡൽഹി. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. 160 പേരോളം പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റം നടന്നതായി പരാതികളുണ്ട്.

ഡൽഹിയുടെ കിഴക്കൻ മേഖലയിലാണ് സംഘർഷം രൂക്ഷം. ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, മൗജിപുര്‍, കര്‍ദംപുരി, ഭജന്‍പുര,ഗോകല്‍പുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷങ്ങള്‍. അക്രമികൾ വ്യാപാര സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീവെക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിലസ്ഥലങ്ങളിൽ കലാപകാരികൾ തമ്മിൽ വെടിവയ്പ് നടന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ കേന്ദ്ര സംഘത്തെ പല മേഖലകളിലും വിന്യസിച്ചിട്ടുണ്ട്.