ദേവനന്ദയുടെ മരണം: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
26

കൊല്ലം: കാണാതായ ആറുവയസുകാരിയെ ആറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തിയെന്നാണ് അമ്മയായ ധന്യയും മുത്തച്ഛൻ മോഹൻ പിള്ളയും ആരോപിക്കുന്നത്. അടുത്ത അമ്പലത്തിലെ ചടങ്ങുകള്‍ കാണാന്‍ കുട്ടി തനിയെ പോയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്ന തരത്തിൽ വാദങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലം ഇളവൂർ സ്വദേശി ദേവനന്ദയെ വ്യാഴാഴ്ചയാണ് വീട്ടിൽ നിന്ന് കാണാതായത്. തൊട്ടടുത്ത ദിവസമാണ് വീടിനടുത്തുള്ള ഇത്തിക്കരയാറിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. വീടിന് നാന്നൂറ് മീറ്ററോളം അകലെ നിന്ന് മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് തുടക്കം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതേ വാദങ്ങൾ തന്നെയാണ് ബന്ധുക്കളും ഉന്നയിക്കുന്നത്.

കുട്ടി ഒരിക്കലും തനിയെ പുഴയിൽ പോകില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മുമ്പ് ക്ഷേത്രത്തിലേക്ക് പോയിട്ടുണ്ടെങ്കിലും അപ്പോൾ ദേവനന്ദ കുഞ്ഞായിരുന്നു. മാത്രമല്ല മറ്റൊരു വഴിയിലൂടെ ഓട്ടോയിലായിരുന്നു അന്ന് പോയത്. അതുപോലെ മൃതദേഹം കിടന്നിടത്തു നിന്ന് കണ്ടെത്തിയ അമ്മയുടെ ഷാൾ കുട്ടി ധരിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. അയൽവീട്ടിൽ പോകുന്നതിന് പോലും അമ്മയുടെ അനുവാദം വാങ്ങുന്ന കുട്ടി ഇത്രയും ദൂരം തനിച്ച് പോയി എന്നു പറയുന്നത് വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് അടുത്ത ബന്ധുക്കളും അയൽക്കാരും പറയുന്നത്. ഇത്തരം വാദങ്ങളാണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നതും.