കൊറോണ: എല്ലാ വാർത്തകളും വിശ്വസിക്കരുത്; ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് അധികൃതർ

0
28

കുവൈറ്റ്: കൊറോണ വ്യാപനം ആശങ്ക ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വൈറസിനെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും പലതരത്തിലുള്ള വാർത്തകൾ വരുമെന്നും എന്നാൽ എല്ലാം വിശ്വസിക്കരുതെന്നുമാണ് ആഭ്യന്തര മന്ത്രി അനസ് ഖാലിദ് സാലിഹ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രോഗത്തെക്കുറിച്ച് ആശങ്ക പടർത്തുന്ന പല തരത്തിലുള്ള വാര്‍ത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിറക്കിയിരിക്കുന്നത്.

നിലവിൽ ഇറാനിൽ നിന്ന് തിരികെയെത്തിയ ആളുകളിൽ മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അവരെല്ലാവരെയും ക്വാറന്റൈന്‍ ചെയ്ത് നിരീക്ഷിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികളെല്ലാം നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തി വേണ്ടെന്നുമുള്ള ഉറപ്പും ആഭ്യന്തര മന്ത്രാലയം നല്‍കുന്നുണ്ട്.

വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിൽ ഇറാനിൽ നിന്നും സ്വന്തം പൗരന്മാരെ കുവൈറ്റ് പ്രത്യേക വിമാനത്തിൽ തിരികെയെത്തിച്ചിരുന്നു. പ്രത്യേക നിരീക്ഷണത്തിലാക്കിയ ഇവരിൽ കുറച്ചാളുകളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെയെല്ലാം ഐസോലേറ്റ് ചെയ്തിരിക്കുകയാണ്. അല്ലാതെ രാജ്യത്തിനുള്ളിൽ നിന്ന് തന്നെ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കാര്യവും ജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.