റിയാദ്: കോവിഡ് 19 കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിൽ സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചു. മുഴുവൻ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താത്ക്കാലികമായി അടയ്ക്കുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചത്.
സൗദിയിൽ കഴിഞ്ഞ ദിവസം നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 11 ആയി ഉയർന്നിരുന്നു. വൈറസ് ബാധ സ്ഥീരികരിച്ച എല്ലാവരും തന്നെ കിഴക്കൻ പ്രവിശ്യയായ ഖത്തീഫ് മേഖലയിൽ നിന്നുള്ളവരായതിനാൽ ഇവിടേക്ക് പോകുന്നതിനും വരുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
രോഗവ്യാപനം തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണിവിടെ. ഷോപ്പിംഗ് മാളുകള്‍ അടക്കം ആളുകൾ ഒത്തു കൂടുന്ന സ്ഥലങ്ങളിലൊക്കെ തന്നെ അണുവിമുക്തമാക്കൽ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മസ്ജിദുകളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കാൻ ഇസ്ലാമിക കാര്യ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.