കോവിഡ് 19: അഭ്യൂഹങ്ങൾക്ക് വിരാമം; കുവൈറ്റിൽ തൽക്കാലം കർഫ്യു ഇല്ല

0
19

കുവൈറ്റ്: രാജ്യത്ത് തത്ക്കാലം കർഫ്യു ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സർക്കാരിന്റെ പരിഗണനയിലാണെന്നും യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സർക്കാർ വക്താവ് വ്യക്തമാക്കി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളുടെ നടുവിലാണ് കുവൈറ്റ്. പൊതു അവധി അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടം ചേരലിനും ഒത്തു കൂടലിനും വിലക്കുണ്ട്. എന്നാൽ വൈറസ് വ്യാപനം നിയന്ത്രിക്കാൻ സര്‍ക്കാർ കഠിന പരിശ്രമങ്ങൾ നടത്തി വരുമ്പോഴും ജനങ്ങൾ അതിനോട് ‌സഹകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. വിവാഹച്ചടങ്ങുകളും മറ്റുമായി ആളുകൾ ഒത്തു കൂടാൻ അവസരങ്ങള്‍ ഇപ്പോഴും നടക്കുന്ന സാഹചര്യത്തിൽ സർക്കാർ കർശന താക്കീത് നൽകിയിരുന്നു.

നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ മടികാണിച്ചാൽ കർഫ്യു ഏർപ്പെടുത്താനും മടിക്കില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി അനസ് അൽ സലാഹ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് കർഫ്യു എന്ന തരത്തിൽ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. ഈ പ്രചരണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നുന ഇന്ന് സർക്കാർ വക്താവിന്റെ പ്രതികരണം.