പൊതുമാപ്പ്: നടപടിക്രമങ്ങൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി

0
19

കുവൈറ്റ്: പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർ നടപടിക്രമങ്ങൾക്കൊരുങ്ങി കുവൈറ്റ്. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തുണ്ടാ അടിയന്തിര സാഹചര്യത്തിന്റെയും വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ് രണ്ട് വർഷത്തിന് ശേഷം കുവൈറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

പുതിയ ഉത്തരവ് അനുസരിച്ച് താമസനിയമ ലംഘകര്‍ക്ക് പിഴയൊന്നും ഒടുക്കാതെ രാജ്യം വിടാം. നിയമപരമായ മാര്‍ഗങ്ങളിലൂടെ തിരികെ വരാനുള്ള സാധ്യതകളും ഉണ്ട്. പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിനായുള്ള നടപടിക്രമങ്ങൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടരുന്നവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടുന്നത് വരെ താമസിക്കാനുള്ള പ്രത്യേക കേന്ദ്രങ്ങളും തയ്യാറായിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ 30 വരെ ഇത്തരത്തിൽ നിയമലംഘകരെ സ്വീകരിക്കും. ഫർവാനിയ ഗവർണേറ്റിലെ അൽ മുതന്ന പ്രൈമറി സ്കൂളിലെ ഒന്നാം നമ്പർ ബ്ലോക്കിൽ പുരുഷന്‍മാരെയും ഫര്‍വാനിയ പ്രൈമറി സ്കൂള്‍ ബ്ലോക്ക് ഒന്നിൽ സ്ത്രീകളെയും സ്വീകരിക്കാൻ കേന്ദ്രങ്ങളുണ്ടാകും.

ആഴ്ചയിൽ ഏഴുദിവസവും രാവിലെ 8 മുതൽ 2 വരെ ആളുകളെ സ്വീകരിക്കും. ഇന്ത്യക്കാർക്ക് ഏപ്രിൽ 11 മുതൽ 15 വരെയാണ് സമയം നല്‍കിയിരിക്കുന്നത്.