റിയാദ്: രാജ്യത്ത് കോവിഡ് 19 ബാധിതരായ എല്ലാവരുടെയും ചികിത്സ സൗജന്യമാക്കി സൗദി. ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ പുതിയ ഉത്തരവ് അനുസരിച്ച് സ്വദേശികളും വിദേശികളുമായ എല്ലാ രോഗബാധിതരുടെയും ചികിത്സ തീർത്തും സൗജന്യമായിരിക്കും. നിയമം ലംഘിച്ച് തുടരുന്ന ആളുകൾ ആണെങ്കിൽ പോലും സൗജന്യ ചികിത്സ നൽകണമെന്നാണ് ഉത്തരവ്.
ഇഖാമയുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വിദേശികൾക്ക് കൂടി ഗുണകരമാകുന്ന പുതിയ ഉത്തരവ് ആരോഗ്യമന്ത്രി ഡോ. തൗഫിക് അല്‍ റബീഅയാണ് പുറത്തു വിട്ടത്. നിയമം ലംഘിച്ച് രാജ്യത്തുള്ളവരാണെങ്കിൽ പോലും ചികിത്സയ്ക്കെത്തിയാൽ നിയമവശങ്ങൾ നോക്കരുതെന്നാണ് നിർദേശം. പൊതുജനാരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദി. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് രാജ്യത്ത് ഇതിനെ തുടര്‍ന്ന് നടപ്പാക്കി വരുന്നത്.