ഗൾഫ് രാജ്യങ്ങളിൽ മാറ്റിവച്ച CBSEപരീക്ഷകൾ റദ്ദാക്കി

0
22

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ച സിബിഎസ്ഇ പരീക്ഷകൾ ഗള്‍ഫ് രാജ്യങ്ങളിൽ നടത്തില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പല ഗൾഫ് രാഷ്ട്രങ്ങളും കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിരിന്നു. സ്കൂളുകൾക്കടക്കം മാസങ്ങള്‍ നീണ്ട അവധിയാണ് പ്രഖ്യാപിച്ചത്.

ഇതിനിടെ മാര്‍ച്ച് 19 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. അടുത്ത അധ്യയന വർഷം നാട്ടിലേക്ക് അടക്കം മടങ്ങി വന്ന് വിദ്യാഭ്യാസം തുടരാനിരുന്ന വിദ്യാർഥികളിലടക്കം ഇത് ആശങ്ക ഉയർത്തിയിരുന്നു. തുടർന്നാണ് വിദേശത്തെ സ്കൂളുകളിൽ ഇനി പരീക്ഷ നടത്തേണ്ടതില്ലെന്ന് സിബിഎസ്ഇ തീരുമാനിച്ചത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് വിവരം ട്വീറ്ററിലൂടെ പുറത്തു വിട്ടത്.

സ്കൂളുകളും മറ്റും ദീര്‍ഘകാലം അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓരോ രാജ്യങ്ങളിലും പ്രത്യേകം പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍. പരീക്ഷ നടത്തിയാലും ഉത്തരക്കടലാസുകള്‍ ഇന്ത്യയിലെത്തിക്കാനും സാധ്യമാവില്ല. പരീക്ഷാഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമെടുത്ത് സ്കൂളുകളെ അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.