കോവിഡ് സ്ഥിരീകരിച്ച 50% പേരിലും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല; വലിയ വെല്ലുവിളിയെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി

0
19

രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആളുകളിൽ 50% പേർക്കും രോഗലക്ഷങ്ങളുണ്ടായിരുന്നില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ബസിൽ അൽ സബ. ഇതാണ് ഏറ്റവും അപകടകരമെന്നും ലോകം മുഴുവനും ചർച്ച ചെയ്യുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യവും ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കുവൈറ്റിൽ ഇതുവരെ 885 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 112 പേർ രോഗമുക്തരായിട്ടുണ്ട്. ഇന്ന് ആറു പേർ രോഗമുക്തരായ വിവരം അറിയിക്കാൻ വിളിച്ച പത്രസമ്മേളനത്തിലാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ആളുകള്‍ വീടുകളിൽ തന്നെ കഴിയണമെന്ന് ആവർത്തിച്ച ആരോഗ്യമന്ത്രി അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളുവെന്നും ചൂണ്ടിക്കാട്ടി.