പ്രവാസി കുടുംബങ്ങൾ പട്ടിണിയാകാതിരിക്കാൻ ശ്രദ്ധ വേണം; മുഖ്യമന്ത്രിക്ക് നിവേദനം അയച്ച് KKMA

0
27
Pinarayi
Pinarayi

കുവൈത്ത്‌ : ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കുടുംബങ്ങൾ പട്ടിണിയാകാതിരിക്കാൻ സർക്കാരിന്റെ പ്രത്യേക ഇടപെടൽ വേണമെന്ന് KKMA.ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി കുടുബനാഥൻ അയക്കുന്ന മാസവരുമാനത്തെ മാത്രം ആശ്രയിച്ചു നിത്യച്ചെലവ് നടക്കുന്ന പ്രവാസി കുടുബങ്ങൾ പട്ടിണിയാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ഇവ‍ർ ആവശ്യപ്പെടുന്നത്.

കോവിഡ് മുൻകരുതൽ നടപടിയായി ഗൾഫ് രാജ്യങ്ങളിൽ ഏതാണ്ട് ഒരു മാസത്തിലേറെയായി തൊഴിൽ ശാലകളും വാണിജ്യ സ്ഥാപനങ്ങളും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. മികച്ച കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടിയത്. ഹോട്ടലുകൾ ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും , ദിവസവേതനത്തിനു ജോലി ചെയ്യുന്നവർക്കും വരുമാനം ഒന്നുമില്ല . ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടെ സഹായത്തിലാണ് കുവൈറ്റ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ആയിരകണക്കിന് ആളുകൾ ഭക്ഷണം പോലും കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ നാട്ടിലേക്ക് വീട്ടുചിലവിനുള്ള പണം അയക്കുക സാധ്യമല്ലാതായി.

പ്രായമായവരുടെ സ്ഥിരമായുള്ള മരുന്ന് ഉൾപ്പെടെ, വീടുകളിലെ ചെലവ് എങ്ങിനെ കണ്ടെത്തണമെന്ന് അറിയാതെ ആയിരകണക്കിന് പ്രവാസികൾ മാനസിക പിരിമുറുക്കം നേരിടുകയാണ്.  വിദേശത്തു ജോലിയുള്ളവരുടെ കുടുംബം എന്ന പേരുള്ളതിനാൽ നാട്ടിലെ സർക്കാരിന്റെയും വിവിധ സഹായ പദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കാനും പ്രയാസം നേരിടുന്നു. ഈ സാഹചര്യങ്ങൾ കൃത്യമായി കണക്കിലെടുത്തു പ്രവാസി കുടുംബങ്ങൾക്കു സഹായമെത്തിക്കാൻ സർക്കാർ പ്രത്യേക സഹായ പദ്ധതി നടപ്പിലാക്കണം .

അതുപോലെ നാട്ടിൽനിന്നു സ്ഥിരമായി മരുന്നുകൾ എത്തിച്ചു കഴിക്കുന്നവർ ധാരാളമായി വിദേശത്തുണ്ട്. കനത്തവില കാരണം ഈ മരുന്നുകൾ ഇവിടെനിന്നു വാങ്ങാനോ , വ്യോമഗതാഗതം ഇല്ലാത്തതിനാൽ മരുന്ന് കൊണ്ടുവരാനോ കഴിയാതെ പ്രയാസപ്പെടുന്നവരെ , നോർക്ക വഴിയോ  ലോക കേരള സഭ പ്രതിനിധികൾ മുഖേനയോ അടിയന്തിരമായി സഹായിക്കാനുള്ള നടപടികൾ വേണം. അത്യാവശ്യക്കാർക്കു നാട്ടിലേക്കു   വരാൻ പ്രത്യേക വിമാനങ്ങൾ ഏർപെടുത്തണമെന്നും നിവേദനത്തിൽ കെ കെ എം എ ആവശ്യപ്പെട്ടു.