കോവിഡ് 19: പ്ലാസ്മ ചികിത്സാ രീതി പരീക്ഷിക്കാനൊരുങ്ങി കുവൈറ്റ്

0
19

കുവൈറ്റ്: കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി പ്ലാസ്മ ചികിത്സാ രീതി പരീക്ഷിക്കാൻ കുവൈറ്റ്. സെൻട്രൽ ബ്ലഡ് ബാങ്ക് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിവിഷൻ ഡയറക്ടറായ ഡോ.റീം അൽ റദ്വാനാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ബാധിച്ച് പിന്നീട് രോഗമുക്തി നേടിയവരിൽ നിന്ന് പ്ലാസ്മ ശേഖരിച്ച് നിലവിലെ രോഗികളുടെ രക്തത്തിൽ കടത്തി വിടും. ഇത് അവരുടെ പ്രതിരോധശേഷി ശക്തപ്പെടുത്തുമെന്നാണ് KCBB പ്രസ്താവനയിലൂടെ അറിയിച്ചത്. ‘ ലോകാരോഗ്യ സംഘടന, അമേരിക്കൻ അസോസിയേഷൻ ഓഫ് ബ്ലഡ് ബാങ്ക് എന്നിവർ നിശ്ചയിച്ച മാനദണ്ഡം അനുസരിച്ച് മുൻ കോവിഡ് രോഗികളിൽ നിന്ന് അവരുടെ ഹോം ക്വാറന്റൈൻ കാലാവധി കഴിയുന്നതോടെ തന്നെ പ്ലാസ്മ സ്വീകരിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ഒരാൾക്ക് അസുഖം ബാധിക്കുമ്പോൾ ആ ശത്രുവിനെ തുരത്താന്‍ അവരുടെ ശരീരം ആന്റി ബോഡികൾ ഉത്പ്പാദിപ്പിക്കാൻ തുടങ്ങും. ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണെങ്കിൽ രോഗികള്‍ രോഗമുക്തി നേടിയാലും മൂന്നാഴ്ചക്കാലത്തോളം ഈ ആന്റിബോഡി ശരീരത്തിൽ തന്നെയുണ്ടാകും. പിന്നീടെ പതിയെ സാധാരണ നിലയിലേക്കെത്തും. കോവിഡ് ബാധിച്ച് രോഗമുക്തിരായവരിൽ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രക്തത്തിൽ ഉണ്ടാകും. ഇവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് കോവിഡ് ബാധിതരെ ചികിത്സിക്കാം.

രോഗമുക്തി നേടിയ ഒരാൾക്ക് രോഗികളായ മൂന്ന് പേരെയെങ്കിലും സഹായിക്കാൻ കഴിയുമെന്നാണ് KCBB അറിയിച്ചത്.