കോവിഡ് 19 ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി കുവൈത്തിലെ മലയാളി സംഘടനകൾ

0
18

കോവിഡ്19 മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കുവൈത്തിൽ മാത്യകാപരമായ പ്രവര്‍ത്തനങ്ങളുമായി മലയാളി സംഘടനകൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗൺ കാരണം ജോലിക്ക് പോകാനാകാതെ ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നവർക്കാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏറെ ആശ്വാസമാകുന്നത്.

കഴിഞ്ഞ മാസം മുതൽ രാജ്യം സമ്പൂർണ ലോക്ക് ഡൗണിലാണ്. ബസ് സർവീസ്, ടാക്സി സർവീസ് എന്നിവ പൂർണമായും നിർത്തലാകുക കൂടി ചെയ്തതോടെ പല ആളുകളും ദൈന്യംദിന ചിലവിനു പോലും വിഷമിച്ചു നിന്നപ്പോൾ കുവൈത്തിലെ മലയാളി സംഘടനകളാണ് സഹായത്തിനായി മുന്നിട്ടിറങ്ങിയത്. പ്രമുഖ സംഘടനകൾ ആയ, കെ എം സി സി, കല കുവൈത്ത്, കെ കെ എം എ, ഐ എം സി സി, ഓ ഐ സി സി എന്നി സംഘടനകൾക്ക് പുറമെ കുവൈത്തിലെ പ്രഥമ ജില്ലാ സംഘടനായ കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷനും മറ്റു ജില്ലാ സംഘടനകളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ഭക്ഷണ കിറ്റ് ആണു പ്രധാനമായും നൽകി വരുന്നത്. അരി, പഞ്ചസാര, ചായ പൊടി, ഉപ്പ്‌, ഓയിൽ, മുളക്, മല്ലി, മഞ്ഞൾ പൊടികൾ ഉൾപ്പെടെ ഒരു കിറ്റിൽ ഒരു മാസത്തേക്ക് ഒരാൾക്ക് വേണ്ട എല്ലാ സാധനങ്ങളും അടങ്ങിയിട്ടുണ്ട്. അത് പോലെ തന്നെ കുവൈത്ത് ഗവണ്മെന്റ് ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നവര്ക്ക് എല്ലാവിധ സൗകര്യവും ചെയ്യുവാനും എല്ലാ മലയാളി സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.

ഇന്ത്യ ഗവൺമെന്റ് വിമാനത്തിന് ഇറങ്ങാനുള്ള അനുവാദം നൽകിയാൽ എല്ലാ പേപ്പർ വർക്കുകളും കഴിഞ്ഞാൽ വളരെ പെട്ടന്ന് തന്നെ എല്ലാവരെയും നാട്ടിലെത്തിക്കാൻ പറ്റും. എന്നാൽ ഇന്ത്യ അനുവാദം നൽകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം പി, എന്നിവർ കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് എല്ലാ വർക്കുകളും കാലതാമസം ഇല്ലാതെ ചെയ്തുതീർക്കുന്നതിന് പൂർണ പിന്തുണ അവരുടെ ഭാഗത്തു നിന്ന് അറിയിച്ചിട്ടുണ്ട്.

കുവൈത്തിലെ മലയാളി സംഘടനകൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മന്ത്രിമാരും എം പി മാരും പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുവൈത്തിലെ ജില്ലാ സംഘടനകളുടെ കൂട്ടായ്മയായ കുടയുടെയും മറ്റു സംഘടനകളും നേതൃത്വത്തിൽ ഈ കാര്യത്തിൽ ഇന്ത്യൻ എംബസിസിയിലും കേരള-കേന്ദ്ര ഗവൺമെന്റുകളിലും നിരന്തരം ബന്ധപെടുന്നുണ്ട്.