പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മുസ്ലീം ലീഗ്

0
16

മലപ്പുറം: കോവിഡ്19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനും അവരുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിനിടെയാണ് തങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചത്.

വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസി സമൂഹം വലിയ ഒറ്റപെടല്‍ നേരിടുകയാണ്. സര്‍ക്കാറും സംസ്ഥാനവും അവരെ കൂട്ടിപിടിക്കണം. ഗള്‍ഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രവാസി മലയാളികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. അവരെ തിരിച്ചുകൊണ്ടുവരാനുള്ള കാര്യങ്ങളിലും സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ വേണമെന്നും തങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ദിവസേന സങ്കീര്‍ണ്ണമായി തുടരുന്ന സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്. ഗള്‍ഫ് മലയാളികള്‍ നിലവിൽ വലിയ ദുരന്തമുഖത്താണ് ജീവിക്കുന്നത്. അവരെ സഹായിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നതെന്നും യോഗം വിലയിരുത്തി. ദിവസം ചെല്ലുംതോറും പ്രതിസന്ധി ഇരിട്ടിക്കുകയാണ് ഗള്‍ഫ് മേഖലയില്‍. ആസ്പത്രികളെല്ലാം കോവിഡ്‌ സ്‌പെഷല്‍ ആസ്പത്രികളാക്കി മാറ്റിയതിനാല്‍ മറ്റു രോഗങ്ങളുള്ളവരും ഗര്‍ഭിണികളടക്കം വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്. അടിയന്തിരമായി എന്തെല്ലാം ചെയ്യാനാകും എന്നതായിരുന്നു പ്രധാന ചര്‍ച്ച.

വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുമായും യോഗത്തില്‍ പങ്കെടുത്ത എംപിമാര്‍ സംസാരിച്ചു. സൗദിഅറേബ്യ, കുവൈത്ത്, യുഎഇ, അബൂദാബി തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളില്‍ വേഗത്തിലുള്ള പരിഹാരമാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി. ഇതിനായി ചെയ്യേണ്ട കാര്യങ്ങളിലും സര്‍ക്കാറുകളിലും എംബസി ഉദ്യോഗസ്ഥരിലും നടത്തേണ്ട ഇടപെടലുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ഡോ എംകെ മുനീര്‍ പങ്കെടുത്തു.