കർഷക കരുത്തിന്‌ മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ

0
14

ഡൽഹി: പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും തുടന്നു. ഡൽഹി ഹരിയാന അതിര്‍ത്തിയിലെ പൊലീസ് കര്‍ഷക സംഘര്‍ഷത്തിനൊടുവിലാണ് കർഷകരുടെഡല്‍ഹി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തിയ
കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാൻ ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. ഒരു വിഭാഗം കര്‍ഷകര്‍ ഇത് അംഗീകരിച്ചെങ്കിലും വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്നുണ്ട്. ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്നാണ് അവരുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്. എന്നാല്‍ കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.

കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ട്രക്കും കണ്ടെയ്‌നറുകളുമായി പൊലീസ് പ്രതിഷധേക്കാരെ ദല്‍ഹിയുടെ അതിര്‍ത്തികളില്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ പലയിടങ്ങളിലും കര്‍ഷകര്‍ ഇവ തള്ളിമാറ്റി കൊണ്ട് മുന്നോട്ടു നീങ്ങുകയായിരുന്നു.
അതേസമയം തന്നെ പലയിടങ്ങളിലും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്തുതന്നെ സംഭവിച്ചാലും സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്നും കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നുമായിരുന്നു കര്‍ഷകരുടെ മറുപടി. തങ്ങള്‍ ജയിക്കാനാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.
ഇതിനിടയില്‍ കര്‍ഷകരെ അറസ്റ്റ് ചെയ്‌തു പാര്‍പ്പിക്കുന്നതിനായി 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി പൊലീസ് സര്‍ക്കാരിനെ സമീപിച്ചെങ്കിലും ആംആദ്മി സര്‍ക്കാര്‍ അംഗീകരിച്ചില്ല.