കുവൈത്ത് സിറ്റി: നഗരസഭയുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളുമായി ഇനി അധികകാലം ഓഫീസുകൾ കയറിയിറങ്ങേണ്ടിവരില്ല. ഈ സൗകര്യങ്ങളെല്ലാം ‘മുനിസിപ്പാലിറ്റി 139’ എന്ന മൊബൈൽ ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭിക്കും. മുനിസിപ്പൽ അഫയേഴ്‌സ് സഹമന്ത്രി വാലിദ് അൽ ജാസ്സം ആണ്പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്ന വിവരം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനും ഫോട്ടോകളയക്കാനും കഴിയും. ഇതോടൊപ്പം മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ടീമുമായി പരാതിയുടെ തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുവാനും സാധിക്കും. ഇതിൽ നൽകുന്ന പരാതികളും അപേക്ഷകളുമെല്ലാം തികച്ചും രഹസ്യാത്മക മായിരിക്കും എന്നും അധികൃതർ ഉറപ്പുനൽകുന്നു.
ഏതൊരാൾക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ ഫോൺ നമ്പർ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യാം. റിപ്പോർട്ടിന്റെ അല്ലെങ്കിൽ പരാതിയുടെ പേര്, പരാതിക്കാരുടെ സിവിൽ ഐഡി നമ്പർ, ഇമെയി എന്നിവ ചേർത്ത് രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ വാട്ട്‌സ്ആപ്പ് പ്രോഗ്രാമിൽ പ്രവർത്തിക്കുകയും മുനിസിപ്പാലിറ്റിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിന് പൊതുജനങ്ങൾക്ക് ഫലപ്രദമായ മാർഗ്ഗം നൽകുകയും ചെയ്യും.
ആപ്പ് വഴി നൽകിയ പരാതി ആരാണ് സ്വീകരിച്ചത്, വിഷയത്തിൽ മുൻസിപ്പാലിറ്റിയിലെ മറ്റ് ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടോ എന്നൊക്കെ പൊതുജനങ്ങൾക്ക് ഇതുവഴി നേരിട്ട് അറിയാം. ജനങ്ങൾ മുനിസിപ്പാലിറ്റി ഓഫീസുകളിലേക്ക് നേരിട്ട് വരുന്നത് കുറയ്ക്കുക പൊതുജനങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുക എന്നീ ആശയം മുൻനിർത്തിയാണ് മുൻസിപ്പാലിറ്റി 139 രൂപീകരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.