ഐ എൻ എല്ലിൻ്റ സീറ്റുകളുടെ എണ്ണം ചോദിക്കുന്ന പുത്തൻ രാഷ്ടീയക്കാരോട് സഹതാപം

0
25

സത്താർ കുന്നിൽ
__________________

കേരള രാഷ്ട്രീയം കണ്ടതിൽ ഏറെ നിർദയവും സമാനതകളില്ലാത്തതുമായ ആക്രമണമാ യിരുന്നു സിപിഎമ്മും എൽഡിഎഫും ഈ തിരഞ്ഞെടുപ്പ് കാലത്ത് നേരിടേണ്ടിവന്നത്. പ്രതിപക്ഷവും കേന്ദ്ര സർക്കാരിൻറെ നിർദ്ദേശാനുസരണം കേരളത്തിൽ പറന്നിറങ്ങിയ കേന്ദ്രഏജൻസികളും തീയിൽ വെടിമരുന്ന് എന്നോണം മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ രാഷ്ട്രീയ നീക്കങ്ങൾക്ക് പക്ഷേ കേരള ജനത മറുപടി നൽകിയത് നാടാകെ ചുവപ്പിച്ചുകൊണ്ടും…
സർക്കാറിനെതിരെ രാഷ്ട്രീയ മാന്യതയുടെ ഒളിയമ്പുകൾ അയക്കുമ്പോൾ പ്രതിപക്ഷം മതനിരപേക്ഷ പുകമറയ്ക്കപ്പുറം വർഗീയ കക്ഷികളുമായി വോട്ട് കച്ചവടത്തിൽ ഏർപ്പെടുകയായിരുന്നു പ്രതിപക്ഷമൊന്നാകെ . പരസ്യമായ രഹസ്യം എന്നോണം മത രാഷ്ട്രീയ മുഖം ജനകീയ ലേബലിൽ പ്രദർശിപ്പിക്കുന്ന വെൽഫെയർ പാർട്ടിയുമായി ചേർന്ന് വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ അവർ ശ്രമിച്ചു. മലബാർ മേഖലയിൽ വെൽഫെയർ പാർട്ടിയുമായും തെക്കൻ കേരളത്തിൽ പല ഭാഗങ്ങളിലും ബിജെപിയുമായി പോലും സഖ്യത്തിൽ ഏർപ്പെട്ടു. പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ പോലും അവർക്ക് വിരോധം അല്ലായിരുന്നു. മതത്തെ വർഗീയ വൽക്കരിച്ചുകൊണ്ടുള്ള രാഷ്ട്രീയ അധികാര നേട്ടത്തിനാണ് ഈ പാർട്ടികളെല്ലാം ശ്രമിച്ചത്. അതുകൊണ്ട് തന്നെയാണ് ഇവർക്കിടയിൽ ഐഎൻഎൽ വേറിട്ടു നിൽക്കുന്നതും. മതത്തിനപ്പുറം മാനുഷിക പരിഗണനയ്ക്കും മതനിരപേക്ഷതയ്ക്കും മുൻതൂക്കം നൽകിയ പാർട്ടിയാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജീവനും വായുവും നൽകിയ ഐഎൻഎൽ. ബാബറി ധ്വംസനത്തിലെ പ്രതിഷേധസ്വരമായി രൂപം കൊണ്ട പാർട്ടിക്ക് രാഷ്ട്രീയ നേട്ടങ്ങൾക്ക് അപ്പുറം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് ജീവവായു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അപ്പുറം ലാഭേച്ഛ പോലുമില്ലാതെ ഇടത് ചേരിയിലെ നിസ്വാർത്ഥ പ്രവർത്തനമാണ് ജനങ്ങൾക്കിടയിൽ ഐഎൻഎലിൻ്റെ സ്വീകാര്യത. മുൻ വർഷങ്ങളെ അപേക്ഷിച്ച് കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും കടുത്ത പോരാട്ടത്തിനൊടുവിൽ മികച്ച തെരഞ്ഞെടുപ്പ് ഫലം നേടാൻ പാർട്ടിക്ക് ആയതും ഇതിൻ്റെ തെളിവാണ്. പോയവർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ മിന്നുന്ന പ്രകടനമാണ് പാർട്ടി ഇത്തവണ നടത്തിയത്. അമ്പതോളം സീറ്റുകളിൽ മികച്ച വിജയം നേടി, ലീഗിൻറെ രാഷ്ട്രീയ കോട്ടകളിൽ പോലും കടുത്ത പോരാട്ടത്തിനൊടുവിൽ വിരലിലെണ്ണാവുന്ന വോട്ടുകൾക്ക് വിജയം കൈവിട്ട സീറ്റുകളും നിരവധിയാണ്. കോഴിക്കോട് തിരുവനന്തപുരം കോർപ്പറേഷനുകളിലും കാഞ്ഞങ്ങാട്ട്, നീലേശ്വരം, പയ്യന്നൂർ , കുത്തുപ്പറമ്പ് , തലശ്ശേരി, വടകര, കൊടുവള്ളി, നിലമ്പൂർ, മഞ്ചേരി , പൊന്നാനി, കോട്ടക്കൽ , തിരൂർ തുടങ്ങിയ നഗരസഭകളിലും നിരവധി ഗ്രാമ പഞ്ചായത്തുകളിലും പാർട്ടി വമ്പിച്ച ലീഡോടെയാണ് സാന്നിധ്യം ഉറപ്പിച്ചത്. മുസ്ലിം ലീഗ് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കുന്ന ഇത്തരം വാർഡുകളിൽ അവരൊഴുക്കിയ പണത്തിനും തങ്ങൻമാരുടെ പോരിഷയും ‘ മറികടന്ന് നേടിയ വിജയം അഭിമാനകരമാണ് . വലിയ പണക്കാരാണ് എതിർ ഭാഗത്തിനൊപ്പമുള്ളത് ‘ വിദേശ രാജ്യങ്ങളിലെ അവരുടെ സംഘങ്ങൾ കോടികളാണ് പിരിച്ച് കൊടുക്കുന്നത്. വെൽഫയറിനും , എസ് ഡി പി ഐ ക്കും മസ്തിഷ്ക പ്രഷ്ടാളനം നടന്ന അവരുടെ അണികൾ ഇബാദത്തിൻ്റെ ഭാഗമായി പണം വാരിക്കോരി നൽകിയപ്പോൾ അതൊക്കെ വെച്ചാണ് അവർ പ്രവർത്തിച്ചത്. ഞങ്ങളോ: ഗൾഫിലെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധരണക്കാരായ ഐ എം സി സി പ്രവർത്തകരുടെ വിയർപ്പിൻ്റെ ഒരംശവും നാട്ടിൽ അന്നന്നത്തെ ജീവിതത്തിന്നായി ജോലി ചെയ്യുന്ന സാധാരണക്കാരുടേയും സഹായം കൊണ്ടാണ് ഈ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

സംശുദ്ധ രാഷ്ട്രീയം കൈമുതലായുള്ള പ്രവർത്തന ശൈലിയെ ഇന്നലെ പെയ്ത മഴയിൽ മുളച്ച വർഗീയ പാർട്ടികൾക്ക് ഒരുപക്ഷേ മനസ്സിലാവില്ല. വ്യക്തമായ രാഷ്ട്രീയ ബോധത്തോടെയുള്ള കാൽനൂറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യമാണ് ഈ പാർട്ടികളിൽ നിന്നും ഐഎൻഎല്ലിനെ വേറിട്ട് നിർത്തുന്നത്.

സ്പ്രിംഗ്ലറും സ്വർണ്ണ കള്ളക്കടത്തും ലൈഫ് മിഷനും തുടങ്ങി ആരോപണ ശരങ്ങളേറ്റ്പ്പോഴും പിണറായി വിജയൻ എന്ന ജനനായകനും സർക്കാറിനും പൂർണപിന്തുണയുമായി ഉറച്ചുനിന്നു ഐഎൻഎൽ. സർക്കാറിനും എൽഡിഎഫിനും എതിരായ കടന്നാക്രമണങ്ങളെ ശക്തിയുക്തം ചെറുത്തു തോൽപ്പിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ജനങ്ങൾക്കിടയിൽ നേരിട്ട് ഇറങ്ങി ആരോപണങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സാധിച്ചു. സോഷ്യൽ മീഡിയയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ആനുകാലിക വിശയങ്ങളിൽ ഐ എൻ എൽ സൈബർ മീഡിയ നടത്തിയ പ്രചരണങ്ങൾ സർക്കാറിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. കള്ളത്തരവും അഴിമതിയും നടത്തിയും നടത്തി ജയൽ ശിക്ഷ അനുഭവിക്കുന്ന മുസ്ലിം ലീഗ് നേതാക്കളേയും ക്യൂവിൽ നിൽക്കുന്ന നേതാക്കളേയും സൈബർ മീഡിയ പൊളിച്ചടക്കി, അതിൻറെ തെളിവുകൂടിയാണ് ആണ് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ചരിത്രവിജയം. ഇനിയും ഞങ്ങൾ മുന്നോട്ട് പോവും ഇടത് മുന്നണിക്ക് വേണ്ടി ഫാസിസത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിന്നായി മത നിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ഞങ്ങളുണ്ടാവും. –