പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശിയർക്ക് സൗജന്യ യാത്ര തുടരും

0
23

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശിയർക്ക് സൗജന്യ യാത്ര തുടരും. നിലവിൽ സ്മാർട് കാർഡ് ഉള്ള തദ്ദേശിയർ ഫാസ് ടാഗ് കാർഡ് എടുക്കണമെന്ന് ടോൾ അധികൃതർ അറിയിച്ചു. ടോൾ പ്ലാസയുടെ പത്തു കിലോമീറ്ററിനുള്ളിലെ താമസക്കാർക്കാണ് ആനുകൂല്യം.

ജനുവരി 1 മുതലാണ് രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം പൂർണമായും നടപ്പിലാക്കുന്നത്. നേരത്തെ ഫാസ്ടാഗ് സംവിധാനം വന്നതോടെ ടോൾ പ്ലാസയ്ക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശീയരുടെ യാത്ര ദുരിതത്തിലായിരുന്നു. ഇവർക്ക് അനുവദിച്ചിരുന്ന സ്മാർട്ട് കാർ‍ഡ് സോഫ്റ്റ് വെയറില്‍ സ്വീകാര്യമല്ലാതായതോടെയാണ് ആനുകൂല്യം നഷ്ടമായത്. ആനുകൂല്യം ഇല്ലാതാക്കിയതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന വന്നിരുന്നു. ഇതിനിടയിലാണ് സൗജന്യ യാത്ര അനുവദിക്കുമെന്ന് ടോൾ അധികൃതർ അറിയിച്ചത്.

12,000 തദ്ദേശിയർക്ക് ഇതിന്‍റെ ഗുണം ലഭിക്കും. രേഖകളുമായി ടോൾ പ്ലാസയിലെത്തിയാൽ ഫാസ്ടാഗ് ലഭ്യമാക്കും. ഇതിന്‍റെ പണം സർക്കാർ നൽകണമെന്നും ടോൾ അധികൃതർ അറിയിച്ചു. 2012 മുതൽ ഇത് വരെ സ്മാർട്ട് കാർഡ് നൽകിയതിലൂടെ 125 കോടി രൂപ സർക്കാർ ടോൾ പ്ലാസക്ക് നൽകാനുണ്ട്. ഇത് ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ടോൾ അധികൃതർ ആവശ്യപ്പെടുന്നു.