എറണാകുളം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ ചോറ്റാനിക്കര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനക്കായി സര്‍ക്കാര്‍ ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്ന് വന്നേക്കും.
രണ്ട് ദിവസം മുന്‍പാണ് ചോറ്റാനിക്കര സ്വദേശിനിയായ വീട്ടമ്മയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനി ഇവര്‍ക്ക് ഉണ്ടായിരുന്നു. വയറിളക്കം കൂടി പിടിപ്പെട്ടതോടെയാണ് ഷിഗല്ല പരിശോധനയ്ക്ക് ഇവരെ വിധേയയാക്കിയത്. ഈ പരിശോധന ഫലം പോസിറ്റീവ് ആകുകയായിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്. ഈ ഫലം കൂടി വന്നതിന് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. രോഗലക്ഷണമുള്ള രണ്ട് പേര്‍ക്കൂടി ചികിത്സയിലുണ്ട്. ഇവരുടെ പരിശോധന ഫലവും വരേണ്ടതുണ്ട്.
സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചോറ്റാനിക്കരയിലും പരിസര പ്രദേശത്തും ആരോഗ്യ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലും ജില്ലാ ഭരണകൂടം സ്വീകരിച്ച് കഴിഞ്ഞു.