കോട്ടയം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂരിലും ആലപ്പുഴയിലെ കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്. നീണ്ടൂർ, കുട്ടനാട് മേഖലകളിൽ നിന്നായി ഒൻപത് സാമ്പിളുകൾ പൂനയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ അഞ്ച് സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച മേഖലകളിലെ ഒരുകിലോമീറ്റർ പരിധിയിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒരു മേഖലയിൽ മാത്രം അൻപതിനായിരത്തോളം പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ദേശാടനപക്ഷികളിൽ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് നിഗമനം.