നേതൃത്വത്തിന്‍റെ ഇടതു ചായ്‌വ്: ആം ആദ്മിയില്‍ കൂട്ടരാജി

0
22

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിലും പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്തതിലും പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ നൂറുകണക്കിന് നേതാക്കന്മാരും, പ്രവര്‍ത്തകരും സംസ്ഥാനത്ത് പാര്‍ട്ടി വിട്ടു. അഖിലേന്ത്യാ നേതൃത്വത്തിന്റെ പ്രഖ്യാപനം പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരാണെന്ന് വിമര്‍ശിച്ചുകൊണ്ടാണ് പ്രവര്‍ത്തകരുടെ രാജി. എല്‍ഡിഎഫിനും സിപിഎമ്മിനും പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുത്തതായാണ് വിവരം. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ 84 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ജില്ലാ കണ്‍വീനര്‍ വിഷ്ണുമനോഹരനാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ പ്രവര്‍ത്തകര്‍ വിട്ടുപോവുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി കേരള ഘടകം സംസ്ഥാനത്ത് പതിനൊന്ന് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം സീറ്റുകളില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു ആം ആദ്മി പാര്‍ട്ടി. തൃശൂരിലും, എറണാകുളത്തും അരലക്ഷത്തോളം വോട്ടുകളാണ് അന്ന് പാര്‍ട്ടി നേടിയത്. മറ്റിടങ്ങളില്‍ കാല്‍ലക്ഷത്തോളം വോട്ടുകളും സ്ഥാനാര്‍ഥി നേടിയിരുന്നു.