രണ്ടാം ബാച്ച് കോവിഡ് വാക്സിൻ കുവൈത്തിലെത്തി

0
17

കുവൈത്ത് സിറ്റി: ഫൈസർ-ബയോടെക് വാക്‌സിൻ്റെ രണ്ടാം ബാച്ച് കുവൈത്തിലെത്തിയതായി അൽ അൻബ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകീട്ടോടെ എത്തിയ വാക്സിൻ അൽ മിഷ്റെഫ് ഫെയർ ഗ്രൗണ്ടിലെ വാക്സിനേഷൻ സെന്ററുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക റഫ്രിജറേറ്ററുകളിലേക്ക് മാറ്റി. ഇപ്പോൾ ലഭിച്ചിരിക്കുന്ന ബാച്ചിൽ ആവശ്യത്തിലധികം വാക്സിനുകൾ ഉള്ളതായി അധികൃതർ വ്യക്തമാക്കി.
മൂന്നാം ബാച്ച് വരുന്നതുവരെ കഴിയുന്നത്ര പൗരന്മാർക്കും പ്രവാസികൾക്കും കുത്തിവെപ്പ് നൽകുന്നതിന് ഇത്പര്യാപ്തമാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും വാക്സിൻ ലഭ്യമാകുന്നതുവരെ വരും മാസങ്ങളിലും വാക്സിൻ ഇറക്കുമതി തുടർന്നുകൊണ്ടിരിക്കും . വാക്സിൻ്റെ രണ്ടാം ബാച്ച് വരുന്നതോടുകൂടെ, ശാരീരിക വിഷമതകൾ നേരിടുന്നവർക്ക് വീടുകളിലെത്തി വാക്സിനേഷൻ ചെയ്യാനുള്ള മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 20 മൊബൈല്‍ യൂണിറ്റുകളാണ് ആരംഭിക്കുക. കിടപ്പു രോഗികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് എത്താൻ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ പ്രവർത്തിക്കുക.

രണ്ടാം ബാച്ച് വാക്സിൻ എത്തുന്നതോടെ പുതിയൊരു വാക്സിനേഷൻ കേന്ദ്രം കൂടെ സജ്ജീകരിക്കും എന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ഫെയര്‍ഗ്രൗണ്ടിലെ രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങൾക്കു പുറമേ അവിടെ മറ്റൊരു ഹാള്‍ കൂടി സജ്ജീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഫൈസര്‍-ബയോടെക് വാക്‌സിന്റെ ആദ്യ ബാച്ച് ലഭിച്ചതിനുശേഷം കഴിഞ്ഞ ഡിസംബര്‍ 24 നാണ് കുവൈത്ത് വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്.