ബഷീർ വള്ളിക്കുന്ന് ,

അർണബ് ഗോസ്വാമിയുടെ പുറത്ത് വന്ന വാട്സാപ്പ് ചാറ്റുകൾ ലോകത്തിന് മുന്നിൽ ഒരു കാര്യം വളരെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്തെ സംഘ്പരിവാർ ഭരണകൂടം എങ്ങിനെ കൈപ്പിടിയിൽ ഒതുക്കി എന്നും അതിനെ അവർ എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നും..

നാല്പത് സൈനികരുടെ ജീവൻ നഷ്ടപ്പെട്ട പുൽവാമ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്ന ഉടനെ “നാം വിജയിച്ചിരിക്കുന്നു” എന്ന് അയാൾ വാട്സാപ്പ് സന്ദേശം അയക്കുന്നു. അതീവ രഹസ്യമായി ഇന്ത്യൻ സേന നടത്തിയ ബാലക്കോട്ട് സ്‌ട്രൈക്കിന്റെ മൂന്ന് ദിവസം മുമ്പ് അക്കാര്യം സൂചിപ്പിച്ചു കൊണ്ട് അയാൾ വാട്സാപ്പ് ചെയ്യുന്നു.

ഈ വാർത്ത പുറത്ത് വരുന്നതോടെ ജനവികാരം പാരമ്യതയിൽ എത്തുമെന്നും ഇലക്ഷൻ തൂത്തുവാരുമെന്നും അയാൾ ആവേശഭരിതനാകുന്നു. കാശ്മീരിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അയാൾ മുൻകൂട്ടി പറയുന്നു. ആർട്ടിക്കിൾ 370 എടുത്ത് കളയുന്നതിന് രണ്ട് ദിവസം മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി അയാൾ രഹസ്യ കൂടിക്കാഴ്ച നടത്തിയ കാര്യം പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അയാൾക്കും ചാനലിനും ലഭിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശുപാർശകൾക്ക് ആളെ ഏർപ്പാട് ചെയ്യുന്നു.

റിപ്പബ്ലിക്ക് ചാനലിന്റെ റേറ്റിംഗ് കൃത്രിമമായി ഉണ്ടാക്കുന്നതിന് അയാൾ ശ്രമിച്ചു എന്ന കേസായിരുന്നു ഇത് തുടക്കത്തിൽ.. എന്നാൽ അവിടെ നിന്നൊക്കെ ബഹുദൂരം മുന്നോട്ട് പോയി ഇപ്പോൾ ഈ കേസ് എത്തിപ്പെട്ടിരിക്കുന്നത് രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന രൂപത്തിൽ സർക്കാറും മാധ്യമങ്ങളും തമ്മിലുള്ള അപകടകരമായ കൂട്ടുകെട്ടിന്റെ രഹസ്യങ്ങളിലേക്കാണ്. ഇന്ത്യ നടത്തുന്ന അതീവ രഹസ്യ സൈനിക നീക്കങ്ങൾ പോലും ഒരു സംഘപരിവാർ മാധ്യമ സ്ഥാപനത്തിന് മുൻകൂട്ടി ചോർത്തി നല്കപ്പെടുന്നുവെങ്കിൽ നമ്മുടെ രാജ്യം എവിടെ എത്തി നിൽക്കുന്നു എന്ന് ആലോചിക്കുക.

വാട്സാപ്പിന്റെ പ്രൈവസിയെക്കുറിച്ചുള്ള ആശങ്കകളേക്കാൾ പതിന്മടങ്ങ് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണിവ . അധികാരം നിലനിർത്തുന്നതിനും അതിനു വേണ്ട ഒരു മാസ്സ് ഹിസ്റ്റീരിയ സൃഷ്ടിക്കുന്നതിനും വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്ന അത്യന്തം അപകടകരമായ ഒരു ഗെയിമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.