കുവൈത്ത് സിറ്റി : 1990-1991 കാലഘട്ടത്തിൽ ഇറാഖ് അധിനിവേശം പ്രതിരോധിച്ച പോരാളികളുടെ സധൈര്യമുള്ള ചെറുത്തു നിൽപ്പിനാണ് കുവൈത്ത് സാക്ഷ്യംവഹിച്ചത് എന്ന് കുവൈത്തിലെ അമേരിക്കൻ അംബാസിഡർ അലീന റൊമാനോവ്സ്കി. കുവൈത്തിലെ അൽ-ക്വറൈൻ രക്തസാക്ഷി മ്യൂസിയം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
വിമോചനം അമേരിക്കയുടേയും കുവൈത്തിൻ്റെയും ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണെന്ന് പറഞ്ഞ അവർ, കുവൈത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വാഷിംഗ്ടണിന്റെ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുൻപത്തെ സ്ഥിതിവിശേഷങ്ങൾക്ക് സമാനമായി കുവൈത്തിനെ സംരക്ഷിക്കുന്നതിൽ വാഷിംഗ്ടൺ എന്നും ഉറച്ചുനിൽക്കുമെന്നും അവർ പറഞ്ഞു.
നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ കമൽ അൽ അബ്ദുൽജെലിൻ, അസിസ്റ്റന്റ് ഡോ. തഹാനി അൽ അദ്വാനി എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു.
കുവൈത്തിനെ മോചിപ്പിച്ച് 30-ാം വാർഷികം ആഘോഷിക്കുന്ന യുഎസ് എംബസി സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ ഒരു ഭാഗമായിരുന്നു ഈ സന്ദർശനം.