‌ ജീവിതാവസാനം വിശ്രമിക്കാൻ മരുഭൂമിയിൽ ഒരു മനോഹര ഇടം

0
27

മുജീബുള്ള കെ.വി ,

അത്രയും മനോഹരമായ ഒരു പൂന്തോട്ടം പോലെ.. ഇവിടെ ഖബറടക്കിയെങ്കിൽ എന്ന് നമ്മളാഗ്രഹിച്ചുപോകുന്ന ഒരു ഖബറിടം – അതാണ് കുവൈത്തിലെ ശിയാ-ജഅഫരി ഖബർസ്ഥാൻ. മരുഭൂമിയിലൊരുക്കിയ പൂന്തോപ്പ്. കിളികളുടെ കളകളാരവം. മനം കുളിർപ്പിക്കുന്ന കാറ്റ്. പ്രശാന്ത സുന്ദരം.

നാട്ടിൽ ചെമ്മനാട് ജുമാ മസ്ജിദിന്റെ പുറം കോലായിലിരിക്കുമ്പോൾ ചന്ദ്രഗിരിപ്പുഴയിൽനിന്നും തെങ്ങോലകളെയും മസ്ജിദ് ഖബര്സ്ഥാനിലെ പുൽച്ചെടികളെയും തഴുകിത്തലോടി നമ്മെത്തേടിയെത്തുന്ന കുളിർതെന്നലുണ്ട്. നോമ്പുകാലത്ത് ഇവിടെയിരിക്കുമ്പോൾ എല്ലാ ക്ഷീണവും വഴിമാറും. ഇവിടുത്തെ കാറ്റാണ് കാറ്റ് എന്ന് നമ്മൾ പറഞ്ഞുപോകും.

ബാല്യ കൗമാരങ്ങളിൽ ഏറെ അനുഭവിച്ച ആ കുളിർക്കാറ്റിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ഖബര്സ്ഥാനിലെ അനുഭവം.

സുന്നികളിലെ ഷാഫി ഹനഫി ഹമ്പലി മാലികി മദ്ഹബുകളെപ്പോലെ പോലെ മറ്റൊരു പ്രമുഖ മദ്ഹബീ ശാഖയായ ശിഈ ധാരയിലെ ജഅഫരീ മദ്ഹബ് പിന്തുടരുന്നവർക്ക് വേണ്ടിയുള്ള ഖബർസ്ഥാൻ ആണ് ഇത്. ജഅഫരീ ഖബർസ്ഥാൻ എന്നാണ് അറിയപ്പെടുന്നത്.

നാലാം ഖലീഫ അലി(റ)യുടെ താവഴിയിൽ പെട്ട പണ്ഡിത ശ്രേഷ്ഠനാണ് ഇമാം ജഅഫർ സാദിഖ്. സുന്നികളും ആദരിക്കുന്ന പണ്ഡിതൻ. ഇമാം അബൂഹനീഫയുടെയും ഇമാം മാലിക്കിന്റെയുമൊക്കെ ഗുരുനാഥൻ. അദ്ദേഹത്തിന്റെ കർമ്മശാസ്ത്ര മദ്ഹബ് പിന്തുടരുന്നവരാണ് ജഅഫരികൾ. നടേപ്പറഞ്ഞ സുന്നീ മദ്ഹബുകളുടെ ഇമാമുകൾ കൂടിയായ ഇമാം അബൂഹനീഫയുടെയും ഇമാം മാലിക്കിന്റെയും ഗുരുനാഥനാണ് ഇമാം ജഅഫർ സാദിഖ്

ഇന്നലെ എഴുതിയ സുലൈബിഖാത്തിലെ സുന്നീ ഖബർസ്ഥാൻ കഴിഞ്ഞ്, റോഡിന്റെ നേരെ മറുവശത്താണ് ഈ ജഅഫരി ഖബർസ്ഥാൻ.

ഖബറടക്കം കഴിഞ്ഞുള്ള മുകൾഭാഗത്തിന്റെ അവസ്ഥയിലാണ് രണ്ട് ഖബറിടങ്ങളും തമ്മിലുള്ള വ്യത്യാസം. മറ്റേത് മയ്യത്ത് ഖബറടക്കിയ ശേഷം വെറും മണലിൽ ഒരിത്തിരി മൺകൂന പോലെയാക്കി അറ്റത്ത് മീസാൻ കല്ല് പതിക്കുകമാത്രം ചെയ്യുമ്പോൾ (നാട്ടിലെ പോലെ തന്നെ), ജഅഫരീ ഖബറുകൾ സമചതുരത്തിൽ മാർബിളുകൾ പാകി, ഭൂമിയുടെ നിരപ്പിൽനിന്നും ഒരൽപ്പം ഉയർത്തിയിരിക്കുന്നു. മീസാൻ കല്ലുകൾക്ക് ചുരുങ്ങിയത് അരയാൾ ഉയരമുണ്ട്. മുകളിൽ ബിസ്മിയും ഒന്നോ രണ്ടോ ഖുർആൻ വാക്യങ്ങളും അതിനു താഴെ ഖബറടക്കിയ വ്യക്തിയുടെ പേരും ചേർത്തിരിക്കുന്നു. കല്ലിന്റെ വശങ്ങളിൽ കാലിഗ്രഫിക് ലിപിയിൽ അല്ലാഹു, മുഹമ്മദ്, അലി, ഫാത്തിമ, ഹസൻ, ഹുസൈൻ തുടങ്ങിയവയും രേഖപ്പെടുത്തിയിരിക്കുന്നു.

സുന്നി ഖബര്സ്ഥാനിൽനിന്ന് വ്യത്യസ്തമായി, ഖബറുകൾ നനയ്ക്കാനുള്ള സൗകര്യാർത്ഥം പച്ച നിറത്തിലുള്ള ധാരാളം മഗ്ഗുകളിൽ വെള്ളം നിറച്ചുവച്ചിരിക്കുന്നു. അത്തരമൊരു മഗ്ഗുപയോഗിച്ച് പല ഖബറുകളും നനച്ചുകൊണ്ടിരുന്ന ഒരാളോട് ഞങ്ങൾ സലാം പറഞ്ഞ്, സംസാരിച്ചു.

‘ജഅഫരി ഖബർസ്ഥാൻ’ എന്നാണയാൾ പറഞ്ഞത്. കാലങ്ങൾക്ക് ശേഷം പഴയ ഖബറിൽ പുതിയ ആളുകളെ അടക്കുമോ എന്ന് ചോദിച്ചപ്പോൾ, നജഫിലും കർബലയിലും മാത്രമാണ് അങ്ങിനെ ചെയ്യാറ് എന്നാണ് അദ്ദേഹം പറഞ്ഞത്. അവിടങ്ങളിൽ സ്ഥലപരിമിതിയുടെ പ്രശ്നംകൊണ്ടാണ്. കുവൈത്തിൽ ഏതായാലും അത്തരമൊരു പ്രശ്നമില്ലല്ലോ. ഭാവിയിൽ മയ്യത്തുകൾ വയ്ക്കാനായി മറ്റു സംവിധാനങ്ങൾ ഒരുക്കി പ്ലോട്ടുകളാക്കി വച്ചിരിക്കുന്ന മൈതാനങ്ങൾ ഇവിടെ ഇനിയും ധാരാളമുണ്ട്.

ഖബറുകൾ പലതും പൂവുകളാൽ അലങ്കരിച്ചിട്ടുണ്ട് എന്നത്, ആ ഖബറുകൾ ഇടയ്ക്കിടെ സന്ദർശിക്കപ്പെടുന്നുണ്ട് എന്നതിന്റെക്കൂടി അടയാളമാണല്ലോ. ധാരാളം സന്ദർശകരെ ഇവിടെ കണ്ടു. അധികവും സ്ത്രീകൾ. ഓരോ ഖബറിന് പുറത്തും മാർബിൾ / ഗ്രാനൈറ്റ് വിരിച്ച ചെറിയ ഇരിപ്പിടങ്ങളുള്ളത് (ചെറിയ സ്‌കൂൾ ബെഞ്ചിന്റെ അത്രയും വലിപ്പത്തിൽ) കൂടുതൽ സമയം പ്രിയപ്പെട്ടവരോടൊത്ത് ചിലവഴിക്കുന്ന സന്ദർശകർക്ക് വലിയ അനുഗ്രഹമാവും. പലരെയും അങ്ങിനെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടു. ആത്മാവുകൾ ആത്മാവിനോട് സംവദിക്കുക അങ്ങിനെ ഒറ്റയ്ക്കിരിക്കുമ്പോഴാണല്ലോ. ഒരു സ്ത്രീ മുസല്ലയുമായി വന്ന് മാർബിളിൽ മുസല്ല വിരിച്ച് അവിടെയിരുന്നു..


ഞങ്ങൾ ഖബറുകളുടെ ഫോട്ടോ എടുക്കുന്നത് കണ്ട് ഒരു സ്ത്രീ അടുത്ത് വന്ന് മൂന്ന് പാക്കറ്റുകൾ ഞങ്ങൾക്ക് തന്നു. ഹദ്‌യയാണ്. ഈത്തപ്പഴവും ബിസ്‌ക്കറ്റുമാണ് പാക്കറ്റിൽ. ഒരു കാപ്പിക്കുള്ള പൊടിയുമുണ്ട്.