കുവൈത്ത് സിറ്റി : പുതിയ സർക്കാർ രൂപീകരണത്തിനു മുൻപായി പാർലമെൻറ് അംഗങ്ങളെ അനുനയിപ്പിക്കാൻ നിയുക്ത പ്രധാനമന്ത്രിയുടെ നീക്കം. പാർലമെൻ്റ് അംഗങ്ങളുടെ അഭിപ്രായ രൂപീകരണത്തോടെയാകും പുതിയ മന്ത്രിസഭ രൂപീകരിക്കുകയെന്ന് പ്രധാനമന്ത്രി സബ അൽ ഖാലിദ് അൽ സബ പ്രതികരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീണ്ടും പ്രധാനമന്ത്രിയായി നിയുക്തനായതിനുശേഷമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
ഞായറാഴ്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബയാണ് കവൈത്ത് പ്രധാനമന്ത്രിയായി സബ അൽ ഖാലിദ് അൽ സബയെ വീണ്ടും നിയമിച്ചത്. മന്ത്രിസഭാ രൂപീകരണത്തിൽ മുൻഗണനകൾ നിർണ്ണയിക്കാൻ പാർലമെന്റ് അംഗങ്ങളുമായി ഏകോപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്നത് മുതൽ സാമ്പത്തിക പരിഷ്‌കരണം, വികസനം തുടങ്ങി നിരവധി വിഷയങ്ങളിൽ അടുത്ത സർക്കാർ എംപിമാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സബ അൽ ഖാലിദ് വിശദീകരിച്ചു.
സർക്കാർ രൂപീകരണത്തിന് എത്ര നാൾ എടുക്കും എന്ന് വ്യക്തമല്ല, എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ തിരിച്ചുവരവിനോടുള്ള എതിർപ്പ് നിരവധി എംപിമാർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. പാർലമെൻറ് മായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് മന്ത്രി സഭ രൂപീകരിച്ച് ഒരു മാസത്തിനകമായിരുന്നു രാജി വെച്ചത്. ഈ സാഹചര്യം വീണ്ടും ആവർത്തിക്കാതിരിക്കുന്നതിനായാണ് ഈ പുതിയ നീക്കം എന്നു വേണം വിലയിരുത്താൻ.