കുവൈത്ത് സിറ്റി: ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയോ മൂന്ന് മാസത്തിലധികമായി ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഇടപാടുകാർക്കെതിരെ കുവൈത്തിലെ ചില ബാങ്കുകൾ കർശന നടപടി സ്വീകരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രത്യേകിച്ചും പ്രവാസി ഇടപാടുകാർക്കു നേരെയാണ് ഇത്തരം നടപടികൾ ശക്തമാക്കുന്നത്.
ഇവർക്ക് പുതിയ വായ്പ നൽകുന്നത് താൽക്കാലികമായി നിർത്തുക മാത്രമല്ല, അവരുടെ ക്രെഡിറ്റ് കാർഡുകൾ, പ്രത്യേകിച്ച് മാസ്റ്റർകാർഡ്, വിസ എന്നിവയും നിർത്തലാക്കുമെന്ന് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ആറുമാസത്തിലേറെയായി ശമ്പളത്തിൽ വലിയ ശതമാനം കുറവുണ്ടാവുകയും, നേരത്തെ ക്രെഡിറ്റ് കാർഡുകളുടെ മൂല്യം കണക്കാക്കിയ നിരക്കിലേക്കിത് തിരിച്ചെത്താതിരിക്കുകയും ചെയ്ത ഇടപാടുകാർക്ക് എതിരെയും ഇത്തരം നടപടികൾ സ്വീകരിക്കും.
ക്രെഡിറ്റ് കാർഡ്ഉടമയുടെ ശമ്പള എക്കൗണ്ടിൽ 90 ദിവസത്തിൽ കൂടുതലായും പണം ക്രെഡിറ്റ് ആയില്ലെങ്കിൽ ആ അക്കൗണ്ട് ഉടമകളുടെ ക്രെഡിറ്റ് കാർഡുകൾ മരവിപ്പിക്കാൻ പുതിയ ബാങ്കിംഗ് നയം ചില ബാങ്കുകൾക്ക് അധികാരം നൽകുന്നുണ്ട് .