മുജാഹിദ് സമ്മേളനത്തിൽ പ്രൊഫ. എപി അബ്ദുല്‍ വഹാബ്

0
19

സംഘാടന മികവുകൊണ്ടും ചർച്ചചെയ്യപ്പട്ട വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു മുജാഹിദ് സമ്മേളനത്തിന്റെ ഈ സെഷൻ. വിവിധ വിഷയങ്ങള് ഉൾക്കൊള്ളിച്ച് സംവദിക്കാനായതിൽ ഏറെ ചാരിതാര്ത്ഥ്യം. സംസാരിച്ചതിന്റെ സംക്ഷിപ്തരൂപം ഇവിടെ പങ്കുവെക്കുന്നു.
ഇസ്ലാം ഒരു സ്റ്റാറ്റിക് മതമല്ല. നിശ്ചലമായൊരു ദർശനവുമല്ല. ഡയനാമിസം അതിന്റെ മൗലിക സ്വഭാവമാണ്. പ്രത്യേകിച്ച് ഇന്റലക്ച്വൽ ഡയനാമിസം. ധിഷണാപരമായ വിവിധ ചിന്താധാരകൾക്ക് വഴിതുറന്നത് ഈ പ്രത്യേകതയാണ്. ഈ വൈവിധ്യങ്ങള് തീവ്രമായ ആശയതലങ്ങളിലേക്ക് പോയപ്പോള് സാമൂഹികമായ അപചയങ്ങളുണ്ടായി. നിഗൂഢമായ അന്തർധാരകളും അന്തഛിദ്രതകളുമുണ്ടായി. ഇവ ഒരു സമൂഹത്തെ എപ്രകാരം തകർക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്പാനിഷ് മുസ്ലിംകളുടെ ദുരന്തം.
സ്പാനിഷ് മുസ്ലികൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വലിയനിലയിലായിരുന്നു. കോർദോവ, സെവില്ലി സർവകലാശാലകളൊക്കെ അവരുടെ സംഭാവനകളാണ്. പക്ഷേ ഓരോ പള്ളി മഹല്ലിനകത്തും ഇതര മഹല്ലുകൾക്കെതിരെ വിദ്വേഷങ്ങൾ വളരുകയായിരുന്നു. ഫിക്ക്ഹിന്റെ നൂലിഴകൾകൊണ്ട് മുള്ളുവേലികൾ നിർമ്മിക്കുകയാണ് പലരും ചെയ്തത്. സയിദ് സുലൈമാന് നദ്‌വി ഒരു പുസ്തകത്തിൽ ഇക്കാര്യം വരച്ചുകാട്ടുന്നു. നാലുഭാഗത്തുനിന്നും ശത്രുക്കള് ആക്രമിച്ചഘട്ടത്തിലും അവരുടെ തർക്കങ്ങളിൽ അഭിരമിച്ചു കഴിച്ചുകൂട്ടി സ്പാനിഷ് മുസ്ലിം സമൂഹം.
ഈ ദൗർബല്യത്തെ കൊളോണിയലിസ്റ്റുകൾ നന്നായി ഉപയോഗിച്ചു. അറബ് ലോകത്ത് അറബ് ദേശീയതകളേയും ഉപദേശീയതകളേയും ഇന്നവർ നന്നായി വളംചെയ്ത് വളർത്തി.
വിശാലമായ ഇസ്ലാമിക സാഹോദര്യം ദേശീയ, ഉപദേശീയ താത്പര്യങ്ങള്ക്ക് വഴിമാറി. ഇന്ന് ഫലസ്തീനിൽ കൊടുംദുരന്തം അരങ്ങേറുമ്പോഴും അറബുലോകത്ത് പൊതുവേ കാണുന്ന നിശബ്ദത, നിസ്സംഗത അതിന്റെ തുടര്ച്ചയാണ്.
പഴയ കൊളോണിയലിസ്റ്റുകളുടെ സ്ഥാനത്ത് ഇന്ന് കോർപ്പറേറ്റ് ശക്തികളാണ്. ഇവരാണിന്ന് വർഗ്ഗീയതയേയും വംശീയതയേയും ഉപയോഗിക്കുന്നത്. ഇവരണ്ടും മാർക്കറ്റിങ് തന്ത്രങ്ങളാണെന്ന് നാം തിരിച്ചറിയണം.
കൊളോണിയൽ – കോർപ്പറേറ്റ് കൊള്ളകൾ പൊതുസമൂഹം തിരിച്ചറിയാതിരിക്കാൻ വംശീയമായ, വർഗ്ഗീയമായ അതിവൈകാരികതകളുടെ ചേരിതിരിവുകൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ രാജ്യത്തും ലോകത്തെവിടെയുമുള്ള ദുരന്തം.
മുസ്ലിം സമൂഹം മാത്രമല്ല, പൊതുസമൂഹം ഒന്നടങ്കം നേരിടുന്ന വലിയ വിപപത്തുകളിലൊന്നാണ് സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ അധിനിവേശം. ലഹരിയും അശ്ലീലതയുമൊക്കെ മികച്ച മാർക്കറ്റിങ് തന്ത്രങ്ങളാണ്. ‘പൊട്ടൻഷ്യൽ ബയേഴ്സ്’ എന്നൊരു പ്രയോഗം യുവാക്കളിൽ അമിതമായ ഉപഭോഗാസക്തിയുണ്ടാക്കാൻ, അവരെ അശ്ലീലതക്കും ലഹരിക്കും അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മഹല്ലുകളുടെ ശാക്തീകരണത്തിലൂടെ ഇവക്ക് പരിഹാരം കാണണം. മഹല്ലുകളുടെ ശാക്തീകരണമെന്നത് മുസ്ലിം സമൂഹത്തെ ശാക്തീകരിക്കൽ മാത്രമല്ല. പൊതു സമൂഹമാണിതിന്റെ ഗുണഭോക്താക്കൾ. മഹല്ല് സംവിധാനം കുറ്റമറ്റതാവുകയും വളരെ കൃത്യമായി പ്രവര്ത്തിക്കുകയും ചെയ്യുകയാണെങ്കില് മുസ്ലിംകളെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ മുഴുവന് പൊതുസമൂഹത്തിനും അതിന്റെ ഗുണം ലഭിക്കും. മുസ്ലിം സാമൂഹികതയുടെ സിരാകേന്ദ്രങ്ങളായി പള്ളികളും മഹല്ലുകളും മാറണം.
ഇസ്ലാമോഫോബിയ പരക്കെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വളരെ ബോധപൂര്വ്വം വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള പ്രവര്ത്തനങ്ങള് നടന്നുകൊണ്ടിരിക്കുന്നുണ്ട്. വെറുപ്പിന്റെ പ്രതിരോധം സ്നേഹമാണ്. സ്നേഹകൂട്ടായ്മകളണ്ടാക്കണം ഓരോ മഹല്ലുകളിലും. നോമ്പും പെരുന്നാളുമൊക്കെ അതിന്റെ അവസരങ്ങളാണം.
വൈജ്ഞാനിക മുന്നേറ്റമുണ്ടാകണം. ഇന്ന് കാലത്ത് എനിക്കൊരു ഫെയ്സ്ബുക് പോസ്റ്റിൽ വായിക്കാനയത് മർക്കസ് നോളേജ് സിറ്റിയിൽ അമ്പത് നിയമ ബിരുദധാരികൾ എന്റ്രോൾ ചെയ്യാന് പൊകുന്നു എന്നതാണ്. മതവിജ്ഞാനത്തിൽ ഉന്നതിയിലെത്തിയ വിദ്യാര്ഥികള് ലോ ഗ്രാജ്വേറ്റുകളാകുന്നു. ഇതിനോടകം മർക്കസ് നോളേജ് സിറ്റി ലോ അക്കാദമിയില് നിന്ന് 296 നിയമ ബിരുദധാരികൾ പുറത്തിറങ്ങിയെന്നാണ് മനസ്സിലാക്കുന്നത്. ഇത് കനപ്പെട്ടൊരു സംഭാവനയാണ്.
മതനിരപേക്ഷതയെ ചേർത്തുപിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകണം. ഇങ്ങനെയാകണം വർഗ്ഗീയ ഫാസിസത്തിനെതിരായ പ്രതിരോധത്തേയും മുസ്ലിം ഉമ്മത്തിന്റെ ശാക്തീകരണത്തേയും നാം മുന്നോട്ട് നയിക്കേണ്ടത്.