ദുരന്തകാലത്ത് ചൂഷണം: അമിത കൂലി ഈടാക്കിയ ടാക്സികൾക്കെതിരെ നടപടി

0
38

കുവൈറ്റ്: മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത കൂലി ഈടാക്കി സർവീസ് നടത്തിയ ടാക്സികള്‍ക്കെതിരെ നടപടിയെടുക്കാൻ കുവൈറ്റ് സര്‍ക്കാർ. പിഴ അടക്കമുള്ള നടപടിയാണ് ഇവർക്കെതിരെ സ്വീകരിക്കുക. തെറ്റ് ആവർത്തിച്ചാൽ ടാക്സി കണ്ടുകെട്ടൽ, ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളിലേക്ക് കടക്കുമെന്ന് ട്രാഫിക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് കുവൈറ്റ്. വൈറസ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ ദിവസം രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങൾ നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏക ആശ്രയമാര്‍ഗം ടാക്സികളാണ്. അത്യാവശ്യം മുതലെടുത്ത് ചില ടാക്സിക്കാർ ചൂഷണം തുടങ്ങിയെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ട്രാഫിക് മന്ത്രാലത്തിന്റെ ഇടപെടൽ.

അതേസമയം തന്നെ യാത്രാസംവിധാനമില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളെ അമിതകൂലി ഈടാക്കാതെ ചിലപ്പോൾ പ്രതിഫലം വാങ്ങാതെയും സഹായിക്കുന്ന ടാക്സി ഉടമകളും ഉണ്ടെന്നതാണ് ശ്രദ്ധേയം.