ചെന്നൈ: മലയാളത്തിന്റെ പ്രിയ നായിക ശാലിനി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. മാമാട്ടിക്കുട്ടിയമ്മയായി വന്ന് മലയാളികളുടെ മനം കവർന്ന ശാലിനി 22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്.
ബാലനടിയായി വെള്ളിത്തിരയിലെത്തിയ ശാലിനി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ശാലിനി ബാല നടിയിൽനിന്ന് നായികയിലേക്ക് പരിവർത്തനം നടത്തിയത്. ഹിറ്റ് സംവിധായകൻ മണിരത്‌നത്തിൻ്റെ പുതിയ ചിത്രം പൊന്നിയിൻ ശെൽവത്തിലൂടെയാണ് ശാലിനി വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുക എന്നാണ് റിപ്പോർട്ട്.ശാലിനി മണിരത്നം കൂട്ടുകെട്ട് ആരാധകർക്ക് നേരത്തെയും ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിരുന്നു. നടൻ മാധവൻ, മണിരത്‌നം എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് നടി തിരിച്ചെത്തുന്നത് എന്നാണ് വിവരം
രണ്ടായിരത്തിൽ നടൻ സൂപ്പർ താരം അജിത്തുമായുള്ള വിവാഹശേഷം ശാലിനി അഭിനയത്തോട് വിട പറയുകയായിരുന്നു.
മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാതെ വര വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. കൽകി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നത്തിന്റെ പുതിയ ചിത്രം.
ഐശ്വര്യ റായി ബച്ചൻ, വിക്രം, കാർത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്‌മാൻ, കിഷോർ, റിയാസ് ഖാൻ, ലാൽ, ശരത്കുമാർ തുടങ്ങി വമ്പൻ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ. ഇന്ത്യയിലെ സംഗീത ചക്രവർത്തി എആർ റഹ്‌മാനാണ് സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.