യൂറോപ്യൻ യൂണിയൻ അഫ്‌ഗാനിസ്ഥാന് ഒരു ബില്യൺ യൂറോ സാമ്പത്തിക സഹായമായി നൽകുമെന്ന്
അറിയിച്ചു. യുദ്ധത്തിന് ശേഷമുള്ള അഫ്‌ഗാനിസ്ഥാനിലെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി തന്നെ ഈ തുക ഉപയോഗപ്പെടുമെന്ന് ഉറപ്പുവരുത്തണമെന്ന് ജി-20 രാജ്യങ്ങൾ വ്യക്തമാക്കി. ഇത്തവണ ഉച്ചകോടി വിളിച്ചുചേര്‍ത്തത് നിലവിൽ ജി 20 യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇറ്റലിയാണ്. ഇതു കൂടാതെ അഫ്‌ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധി മറികടക്കാനായുള്ള പ്രവർത്തനങ്ങളിൽ താലിബാൻ സഹകരിക്കണമെന്നും ജി-20 വെർച്വൽ ഉച്ചകോടി ആവശ്യപ്പെട്ടു.
കൂടാതെ കാബൂൾ വിമാനത്താവളവും അതിർത്തികളും തുറക്കണമെന്നും സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. യുഎസ് സേന പിന്മാറിയതിന് ശേഷം അഫ്‌ഗാനിസ്ഥാനിലുണ്ടായ പ്രതിസന്ധിയും യോഗം ചർച്ച ചെയ്‌തു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻറെ ഭാഗമായി താലിബാനുമായി സഹകരിക്കേണ്ടി വരുമെന്നും എന്നാൽ അവരെ അംഗീകരിക്കുന്നതിൻറെ ഭാഗമല്ല ഈ നീക്കമെന്നും ഇറ്റാലിയൻ പ്രീമിയർ മരിയോ ഡ്രാഗി പറഞ്ഞു. യു.എസ് പ്രസിഡന്റ് ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.