കുവൈത്ത് സിറ്റി: പ്രവാസിയുടെ പരാതിയിൽ മടക്കയാത്ര വിമാനം റദ്ദാക്കിയ വിമാന കമ്പനിക്ക് കുവൈത്ത് കോടതി പിഴ ചുമത്തി. ഈജിപ്ഷ്യൻ പൗരനാണ് ഇത് സംബന്ധിച്ച് പരാതിയുമായി കോടതിയെ സമീപിച്ചത്. ഈജിപ്തിലെ സൊഹാഗിൽ നിന്ന് കുവൈത്തിലേക്ക് വരേണ്ടിയിരുന്ന വിമാന സർവീസായിരുന്നു മുൻകൂർ അറിയിപ്പില്ലാതെ റദ്ദാക്കിയത്. സംഭവത്തിൽ വിമാനക്കമ്പനിക്ക് കോടതി ആയിരം കുവൈത്ത് ദിനാർ പിഴചുമത്തി ഈ തുക പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണം എന്നും വിധിച്ചു. പ്രവാസിയെ പ്രതിനിധീകരിച്ചത് അഭിഭാഷകൻ അബ്ദുള്ള അൽ-അലന്ദയാണ് കോടതിയിൽ ഹാജരായത്.