കൊറോണ വൈറസ്: ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കു

0
31

ചൈനയിൽ നൂറുകണക്കിന് പേരുടെ ജീവനെടുത്ത ആയിരക്കണക്കിന് ആളുകളെ രോഗികളാക്കിയ കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, യുഎഇ തുടങ്ങി പതിനാറോളം രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന് വാക്സിനോ ആന്റി വൈറൽ മരുന്നുകളോ കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെയാണ് ഈ രോഗത്തെ അത്യന്ത്യം അപകടകാരിയാക്കുന്നതും. ഭീതിജനകമായ സാഹചര്യമാണെങ്കിലും ഇപ്പോൾ വേണ്ടത് ആശങ്കയല്ല ജാഗ്രതയും ശ്രഗദ്ധയുമാണ്.

എന്താണ് കൊറോണ ?

സാധാരണ ജലദോഷം മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയ്ക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് നോവല്‍ കൊറോണ വൈറസാണ്(2019-ncov). ഇത് ആദ്യമായാണ് മനുഷ്യരില്‍ കാണുന്നത്.

പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന ആർഎൻഎ വിഭാഗത്തിൽ പെടുന്ന ഈ കൊറോണ വൈറസ് പക്ഷിമൃഗാദികളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗം പടർത്താറുണ്ട്.

ലക്ഷണങ്ങൾ

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് ന്യൂമോണിയയും വൃക്കത്തകരാറും സംഭവിച്ച് ഗുരുതരാവസ്ഥയിൽ മരണത്തിനു വരെ കാരണമാകാം. രോഗാണു ശരീരത്തിൽ പ്രവേശിച്ചാലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ ആറു മുതൽ പത്ത് ദിവസം വരെയെടുക്കും. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് മുമ്പ് തന്നെ വൈറസ് വാഹകരിൽ നിന്ന് മറ്റുള്ളവർക്കും പകരാം എന്നതും ഇതിന്റെ അപകടകരമായ വസ്തുതയാണ്.

രോഗനിർണയം

വൈറസ് ബാധ സംശയിക്കുന്നവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയാണ് രോഗനിർണയം ഉറപ്പുവരുത്തുന്നത്. RRT-PCR, NART എന്നിവയാണ് നിലവിലുള്ള ടെസ്റ്റുകൾ.

ചികിത്സ

രോഗലക്ഷണങ്ങൾ അനുസരിച്ചാണ് ചികിത്സാ രീതികൾ അവലംബിക്കുന്നത്. ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് വെന്റിലേറ്റർ സഹായവും വേണ്ടി വന്നേക്കാം

മുൻകരുതലുകൾ

1. രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക

2. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടുക

3.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ചു പിടിക്കുക

4. കൈകൾ കഴുകാതെ കണ്ണിലോ, മൂക്കിലോ, വായിലോ തൊടരുത്. കൈകൾ പലതവണ സോപ്പുപയോഗിച്ച് കഴുകണം

5. മത്സ്യ-മാംസാദികൾ നന്നായി പാകം ചെയ്ത് മാത്രം ഉപയോഗിക്കുക

6. വൈറസ് ഭീഷണിയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക

7. രോഗലക്ഷണമുള്ളവർ കഴിവതും മാസ്ക് ധരിക്കുക

8. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് നിന്നെത്തുന്നവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം

9. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം

10. പരിഭ്രാന്തി വേണ്ട. കരുതലോടെ നേരിടാം ഈ വിപത്തിനെയും