ന്യൂഡൽഹി: സ്വന്തം പാര്‍ട്ടി പ്രഖ്യാപനം ഉടനന്നെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ചൊവ്വാഴ്ചയാണ് പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ നടത്തിയത്. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ ബിജെപിയുമായി സഹകരിക്കുമെന്നാണ് തുക്രാൽ ട്വീറ്റ് ചെയ്തു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ 2022 നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും ട്വീറ്റിൽ പറയുന്നു.
പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായ സമയത്ത് അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് അമരീന്ദർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, കർഷക സമരം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമം തുടരുകയാണ്. എന്നാൽ അദ്ദേഹം കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി ഇതുവരെ രാജിവെച്ചിട്ടില്ല.