കുവൈത്ത് സിറ്റി: പുതിയ ഇനം കോവിഡ് വൈറസുകളുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും ആശങ്ക ജനിപ്പിക്കുന്നതാണ്. ഇതിനെതിരായ മുൻകരുതലെന്നോണം വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം നിരവധി ഇന്ത്യക്കാരാണ് ട്രാൻസിറ്റ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്. ഇവർക്കു വേണ്ടി കുവൈത്ത് അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടുമെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ കുവൈത്ത് അധികൃതർ സ്വീകരിച്ച മുൻകരുതൽ നടപടികളെ ഉൾക്കൊള്ളുന്നു. ഇതിനിടയിൽ പ്രയാസം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഓൺലൈനായി നടത്തിയ പരിപാടിയിൽ അംബാസഡർ പറഞ്ഞു. വൈകാതെ തന്നെ എംബസി ഓഡിറ്റോറിയത്തിൽ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചും ബാക്കി ഒാൺലൈനായും ഒാപൺ ഹൗസ് നടത്താനാവുമെന്ന് അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്ത് മുൻ ഉപപ്രധാനമന്ത്രി ശൈഖ് നാസർ സബാഹിെൻറ നിര്യാണത്തിൽ അദ്ദേഹം അനുശോചിച്ചു. എംബസിയിലും പാസ്പോർട്ട് ഒാഫിസിലും വരുേമ്പാൾ കോവിഡ് മാർഗനിർദേശം പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എംബസിയിലും പാസ്പോർട്ട് ഓഫിസുകളിലും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുന്നത് അടക്കം മാർഗ നിർദേശങ്ങൾ പാലിക്കുകയും വേണം. എംബസി നടത്താൻ നിശ്ചയിച്ച പ്രധാന ചില പരിപാടികൾ കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കി. സാഹചര്യത്തിെൻറ ഗൗരവം ഉൾക്കൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു.