തൊഴിൽ നിയമ പരിഷ്കരണം; തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ സംവിധാനം

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നു. 2010 ൽ പുറത്തിറക്കിയ ചില നിയമങ്ങളിലും, അനുബന്ധങ്ങളിലുമാണ് പാം ഭേദഗതി വരുത്താൻ തുടങ്ങിയതെന്ന് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

വർക്ക് പെർമിറ്റ് പുതുക്കൽ, റിക്രൂട്ട്‌മെൻ്റ് എന്നിവയുമായി ബന്ധപ്പെട്ട് പുതിയ ഭേദഗതി ഉണ്ടാകും. തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങൾ നൽകുന്നതിനുമായി ഒരു പുതിയ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

നിലവിലെ തൊഴിൽ വിപണിയിലെ സാഹചര്യങ്ങളുടെയും കോവിഡ് -19 പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിലുമാണ് ഈ നടപടി. നിലവിലെ സംഭവവികാസങ്ങൾക്ക് അനുസൃതമായി നിയമത്തിന്റെ ഏറ്റവും പുതിയ പതിപ്പിൽ അടങ്ങിയിരിക്കുന്ന ചില ഭാഗങ്ങളിൽ നാമമാത്ര തൊഴിൽ, ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട് മാറ്റം വരുത്തുകയാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമെന്ന് പാം അധികൃതർ പറഞ്ഞു.

തൊഴിൽ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുക, ശമ്പളം നൽകാതിരിക്കുക അർഹതപ്പെട്ട അവധി നിഷേധിക്കുക തുടങ്ങി നിയമം മറികടക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നികമാനുസൃതമായി നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പുതിയ സംവിധാനം രൂപീകരിക്കുന്നതാണ് ഈ ഭേദഗതിയിൽ ഉൾപ്പെടുന്നതെന്ന് പാം വൃത്തങ്ങൾ വിശദീകരിച്ചു.
തൊഴിലാളികൾക്ക് അവരുടെ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, സ്പോൺസർമാരുടെ വ്യാജ തൊഴിൽ രജിസ്ട്രേഷൻ ഇല്ലാതാക്കുന്നതിനും വാണിജ്യ ബാങ്കുകളുമായുള്ള ഇലക്ട്രോണിക് ബന്ധം ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഡമ്മി കമ്പനികൾക്കും വിസ വ്യാപാരത്തിൽ നിന്ന് ലാഭം നേടുന്നവർക്കുമെതിരെ കർശനമായ പിഴ ഈടാക്കുന്നതിനുമായാണ് ഭേദഗതി.